കണ്ണൂർ വഴി ഹജ്ജിന് 3,113 പേർ
text_fieldsകണ്ണൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് കണ്ണൂർ വിമാനത്താവളം വഴി പുറപ്പെടുന്നത് 3,113 പേർ. ജൂൺ ഒന്നിന് പുലർച്ചെ 5.55നാണ് കണ്ണൂരിൽനിന്നുള്ള ആദ്യ വിമാനം. സൗദി സമയം രാവിലെ 8.50ന് വിമാനം ജിദ്ദയിലിറങ്ങും. 361 പേർക്ക് സഞ്ചരിക്കാവുന്ന സൗദി അറേബ്യൻ എയർലൈൻസിന്റെ എ.ബി ആറ് ശ്രേണിയിൽ പെട്ട വിമാനങ്ങളാണ് കണ്ണൂരിൽ നിന്ന് സർവിസ് നടത്തുക.
തീർഥാടകർക്കായുള്ള ക്യാമ്പ് മെയ് 30ന് പ്രവർത്തനം തുടങ്ങും. ഇതുസംബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടേയും വിവിധ സർക്കാർ വകുപ്പ് മേധാവികളുടേയും യോഗം കലക്ടറേറ്റിൽ ചേർന്നു.
എ.ഡി.എം നവീൻ ബാബു അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകൾ പൂർത്തിയാക്കേണ്ട കാര്യങ്ങൾ, നടപടികളുടെ സമയക്രമം തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു. ഹജ്ജ് ക്യാമ്പ് ആരംഭിക്കുന്നതിന്റെ മൂന്നുദിവസം മുമ്പ് വിവിധ വകുപ്പ് മേധാവികൾ ക്യാമ്പിലെത്തി ഒരുക്കം വിലയിരുത്തും.
ഹജ്ജ് ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളിൽനിന്ന് പ്രത്യേക നോഡൽ ഓഫിസർമാരെയും ചുമതലപ്പെടുത്തി. യോഗത്തിൽ ഹജ്ജ് കമ്മിറ്റി അംഗവും കണ്ണൂർ ഹജ്ജ് ക്യാമ്പ് കൺവീനറുമായ പി.പി. മുഹമ്മദ് റാഫി, അസി. സെക്രട്ടറി എൻ. മുഹമ്മദലി, സംസ്ഥാനത്തെ ഹജ്ജ് ക്യാമ്പുകളുടെ സ്പെഷൽ ഓഫിസർ യു. അബ്ദുൽ കരീം, എൻ. മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.
വിമാനത്താവളത്തിലെ വിവിധ സൗകര്യങ്ങൾ വിലയിരുത്തുന്നതിന് കിയാൽ അധികൃതരുമായി നടത്തിയ പ്രത്യേക യോഗത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ പി.പി. മുഹമ്മദ് റാഫി, കെ.പി. സുലൈമാൻ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.