ഓർമത്തണൽ വിരിക്കാൻ 426 മരങ്ങൾ
text_fieldsകണ്ണൂർ: പിറന്നാളിനും വിവാഹ വാർഷികത്തിലും കലാലയ സംഗമങ്ങളിലും ഓർമകളാൽ വിത്തുപാകി സ്നേഹത്താൽ നട്ടുനനച്ച് തണൽ വിരിക്കാൻ 426 മരങ്ങളൊരുങ്ങുന്നു. മരങ്ങൾ നട്ടുവളർത്താൻ താൽപര്യമുള്ളവരെ കണ്ടെത്തി പ്രോൽസാഹിപ്പിക്കാനായി ഹരിത കേരളം മിഷൻ ഓർമ മരം കാമ്പയിന്റെ ഭാഗമായാണ് ഇത്രയും മരൈത്തകൾ മണ്ണിൽ വേരുറപ്പിച്ചത്.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ജന്മദിനം, മൺമറഞ്ഞ വ്യക്തികളുടെ ഓർമ ദിനം എന്നിങ്ങനെ എന്തെങ്കിലും പ്രത്യേകതകളുള്ള ദിനങ്ങളിൽ പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലത്തോ എവിടെയെങ്കിലും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാം.
കഴിഞ്ഞവർഷം ആഗസ്റ്റ് 19 നാണ് ജില്ലയിൽ പദ്ധതിക്ക് തുടക്കമിട്ടത്. പിറന്നാൾ മരങ്ങളാണ് കൂടുതലായി പച്ചപിടിച്ചത്. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 150തോളം മരങ്ങൾ ഇതുവരെ നട്ടു. കുടുംബ കൂട്ടായ്മകളുടെ ഒത്തുചേരലിന്റെ ഭാഗമായി നൂറ് മരങ്ങളാണ് നട്ടത്.
തൃപ്രങ്ങോട്ടൂർ കുടുംബസംഗമത്തിൽ മാത്രം 71 മരൈത്തകളാണ് നട്ടത്. കാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു വർഷത്തിനകം 1000 വ്യക്ഷങ്ങൾ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യം. മാവ്, പ്ലാവ്, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളാണ് സൗജന്യമായി നൽകുക. പാനൂർ ബ്ലോക്ക് തലത്തിലാണ് കൂടുതൽ മരങ്ങൾ നട്ടത്.
77 എണ്ണം. മരങ്ങളുടെ വളർച്ച ഹരിതകേരള മിഷൻ ബ്ലോക്ക് റിസോഴ്സ് പേഴ്സനുമാരെത്തി നിരീക്ഷിക്കും. ഒത്തുചേരലുകളും ആഘോഷങ്ങളും നടക്കുന്നതിന് മുന്നോടിയായി റിസോഴ്സ് പേഴ്സൻമാരെത്തി പദ്ധതി വിശദീകരിക്കും. മരങ്ങൾ നട്ടുനനക്കാൻ തയാറാണെങ്കിൽ തൈകൾ കൈമാറും. കേളകത്ത് കമ്യൂണിസ്റ്റ് നേതാവ് പി. കൃഷ്ണപിള്ളയുടെയും ചിറക്കലിൽ ചിറക്കൽ കോവിലകത്ത് രവീന്ദ്രവർമ രാജയുടെയുമൊക്കെ ഓർമദിനത്തിൽ മരം നട്ടിരുന്നു.
ചൂട് കൂടിയ സാഹചര്യത്തിൽ തൈകൾ നൽകുന്നത് താൽക്കാലികമായി നിർത്തിയിട്ടുണ്ട്. വേനൽമഴയെത്തുന്നതോടെ വിതരണം തുടരും. പച്ചവിരിക്കുന്ന മരങ്ങളെല്ലാം ഹരിതകേരള മിഷന്റെ പച്ചത്തുരുത്ത് രജിസ്റ്ററിൽ രേഖപ്പെടുത്തി സംരക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.