627 ടൗണുകളും പൊതുസ്ഥലങ്ങളും ഹരിത പദവിയിലേക്ക്
text_fieldsകണ്ണൂർ: ഹരിത ശുചിത്വ സുന്ദര ജില്ലയെന്ന അവസ്ഥയിലേക്കെത്താൻ ആറ് മേഖലകളിൽ ജില്ലക്ക് പ്രത്യേക കർമ പദ്ധതി തയാറായി. ജില്ലയിലെ ആകെയുള്ള 243 ടൗണുകളെയും ഹരിത ടൗണുകളാക്കി മാറ്റാൻ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ശിൽപശാലയിലാണ് കർമ പദ്ധതി തയാറാക്കിയത്. 57 ടൗണുകളാണ് ജില്ലയിൽ ഇതിനകം ഹരിത പദവിയിലേക്ക് എത്തിയത്. ബാക്കിയുള്ള 186 ടൗണുകൾ 2025 ജനുവരി 26നകം ഹരിത പദവിയിലേക്ക് എത്തിക്കാൻ കർമ പദ്ധതി ലക്ഷ്യമിടുന്നു.
ജില്ലയിൽ മാർക്കറ്റുകളായും പൊതു സ്ഥലങ്ങളായും കണ്ടെത്തിയ 463 എണ്ണത്തിൽ 22 എണ്ണമാണ് ഹരിത പദവി കരസ്ഥമാക്കിയത്. ബാക്കിയുള്ള 441 മാർക്കറ്റുകളും പൊതുസ്ഥലങ്ങളും ഹരിത പദവിയിലേക്ക് 2024 ഡിസംബർ 31നകം എത്താനുള്ള ശ്രമങ്ങൾ കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിലെ 39 ടൂറിസം കേന്ദ്രങ്ങളെയും 2025 ജനവരി 26നകം ഹരിത ടൂറിസം കേന്ദ്രങ്ങളായി മാറ്റാനുള്ള ശ്രമങ്ങൾ പൂർത്തീകരിക്കാനും ജില്ലയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ കർമ പദ്ധതി തയാറാക്കിയിട്ടുണ്ട്.
കുടുംബശ്രീ അയൽകൂട്ടങ്ങൾക്കു ഹരിത പദവി നൽകുന്ന കാര്യത്തിൽ വിപുലമായ ഇടപെടൽ നടത്താനും ജില്ല തല ശിൽപശാല കർമ പദ്ധതി തയാറാക്കി. ജില്ലയിൽ ആകെയുള്ള ഇരുപതിനായിരം കുടുംബശ്രീ അയൽകൂട്ടങ്ങളിൽ 4947 എണ്ണം ഇതിനകം ഹരിത പദവി നേടിയിട്ടുണ്ട്.
കലാലയങ്ങളെ ഹരിത കലാലയങ്ങളായി മാറ്റാനുള്ള ശ്രമങ്ങൾക്കും ജില്ല ശിൽപശാലയിൽ തുടക്കമിട്ടു. 95 കലാലയങ്ങളാണ് ജില്ലയിൽ ഉള്ളത്. ഇതിൽ 41 എണ്ണം ഹരിതകലാലയ പദവി നേടി. ബാക്കി ഉള്ള 54 എണ്ണം ഡിസംബർ 31നകം ഹരിത പദവി നേടണം. അതിനുള്ള ശ്രമങ്ങൾക്കും കർമ പദ്ധതിയിൽ ഇടം പിടിച്ചിട്ടുണ്ട്.
1629 വിദ്യാലയങ്ങളാണ് ജില്ലയിൽ ഉള്ളത്. ഇതിൽ 980 വിദ്യലയങ്ങൾക്ക് ഹരിത പദവി ലഭിച്ചു. ബാക്കിയുള്ള 649 വിദ്യാലയങ്ങൾ കൂടി ഡിസംബർ 31നകം ഹരിത പദവി നേടുന്നതിനുള്ള പദ്ധതി പ്രവർത്തനങ്ങൾക്കും ശിൽപശാല രൂപം നൽകി.
4659 സ്ഥാപനങ്ങൾ ജില്ലയിലുണ്ടന്നതാണ് കണ്ടെത്തിയ കണക്ക്. ഇതിൽ 1391 എണ്ണത്തിന് ഇതിനകം ഹരിത സ്ഥാപന പദവി ലഭിച്ചു.
ജില്ല ആസൂത്രണ സമിതി ഹാളിൽ നടന്ന രണ്ടാം ദിവസ ശിൽപശാല തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ഡയരക്ടർ ബി.കെ. ബലരാജ് ഉദ്ഘാടനം ചെയ്തു. തദ്ദേശ വകുപ്പ് ജോ. ഡയരക്ടർ ടി.ജെ. അരുൺ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.