ജില്ലയിൽ 66 ശതമാനം മഴക്കമ്മി
text_fieldsകണ്ണൂർ: കത്തുന്ന ചൂടിന് ആശ്വാസമായി ജില്ലയിൽ അങ്ങിങ്ങ് വേനൽമഴ ലഭിച്ചെങ്കിലും മഴക്കമ്മി തുടരുന്നു. ഇത്തവണ 66 ശതമാനം കുറവ് വേനൽ മഴയാണ് ലഭിച്ചത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം മാർച്ച് ഒന്ന് മുതൽ മേയ്15 വരെ 46.6 മി.മീ മഴയാണ് കണ്ണൂരിൽ ലഭിച്ചത്. 135 മി.മീ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. വലിയ കുറവാണ് കണക്കാക്കുന്നത്. മാഹിയിൽ 81.4 മി.മീ മഴ ലഭിച്ചു. 45 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
വേനൽചൂടിനെ ആശ്വാസമായി മലയോരത്തടക്കം കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നു. മഴ ലഭിക്കാത്തതിനെ തുടർന്ന് കാർഷിക വിളകൾക്കടക്കം കനത്ത നാശമാണ് ജില്ലയിലുണ്ടായത്. വേനൽമഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിലും മിന്നലിലും മലയോരത്ത് വ്യാപക നാശമുണ്ടായി.
ഇത്തവണ 40 ഡിഗ്രി സെൽഷ്യസിനടുത്താണ് വേനലിൽ ജില്ലയിൽ ചൂട് അനുഭവപ്പെട്ടത്. മലയോരത്തെ ബാരാപോൾ, കക്കുവ പുഴകളടക്കം വറ്റിവരണ്ടു. വേനൽ മഴ പെയ്ത പ്രദേശങ്ങളിൽ കിണറുകളിൽ നേരിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ചൂട് വർധിച്ച് ഉഷ്ണതരംഗ സമാനമായ സാഹചര്യം നിലവിലുള്ളതിനാൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.
കായിക മത്സരങ്ങൾ, കായികപരിശീലന പരിപാടികൾ, പരേഡുകൾ തുടങ്ങിയവ മാറ്റിവെക്കുകയും വെയിലിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിക്കുകയും ചെയ്തു. സൂര്യാഘാതമേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ കനത്ത ജാഗ്രതയിലായിരുന്നു ജില്ല.
മധ്യ, തെക്കൻ കേരളത്തിൽ മഴ കനത്തപ്പോൾ കണ്ണൂരിൽ പേരിന് മാത്രമായി. കാലവർഷം വരുംദിവസങ്ങളിൽ എത്തുമെന്ന പ്രതീക്ഷയിലാണ് കണ്ണൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.