കിഫ്ബി വഴി 75,000 കോടിയുടെ വികസന പ്രവൃത്തികൾ -മുഖ്യമന്ത്രി
text_fieldsകണ്ണൂർ: കിഫ്ബി വഴി 75,000 കോടിയുടെ വികസന പ്രവൃത്തികളാണ് നാട്ടിൽ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി ഫണ്ടുപയോഗിച്ച് നിർമിക്കുന്ന ചേരിക്കൽ -കോട്ടം പാലം പ്രവൃത്തി ഉദ്ഘാടനം കോട്ടത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് കാണുമ്പോൾ അപൂർവം ചിലർക്ക് ചില മനഃപ്രയാസങ്ങൾ ഉണ്ടാവുന്നുണ്ട്. അവർ വികസനത്തിനെതിരായി ചിന്തിക്കും. തെറ്റിദ്ധാരണ പരത്തും. എന്നാൽ, നാടിന് ഇതേ പറ്റി നല്ല ബോധ്യമുണ്ട് നാട്ടുകാർ എതിർക്കുന്നവർക്കൊപ്പമല്ല, സർക്കാറിനൊപ്പമാണ് നിൽക്കുന്നത്.
വികസന പ്രവർത്തനങ്ങളെ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് എതിർക്കുന്നവരുടെ കൂടെ നിൽക്കാൻ നാടിന്റെ ഭാവിയും നാട്ടുകാരുടെ താൽപര്യവും ശ്രദ്ധിക്കുന്ന ഒരു സർക്കാറിന് കഴിയില്ല.
ദേശീയപാതാ വികസനത്തിന് വേണ്ട ഭൂമിയുടെ 99ശതമാനവും ഏറ്റെടുത്ത് കഴിഞ്ഞു. നല്ല നഷ്ടപരിഹാരവും നൽകി. എതിരാളികൾ പോലും തുറന്ന് സമ്മതിക്കുന്ന കാര്യമാണിത്. യാത്രാ സൗകര്യം വർധിക്കണമെന്നത് നാട്ടുകാർ ആഗ്രഹിക്കുന്ന കാര്യമാണ്. ഗതാഗത സൗകര്യമേറുന്നത് വികസനത്തിനും വഴിവെക്കും.
അതിനാലാണ് സംസ്ഥാന സർക്കാർ റോഡ്, പാല വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നത്- മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. പിണറായി -പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം 15 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമിക്കുന്നത്.
11 സ്പാനുകളിലായി 225.95 മീറ്റർ നീളത്തിലാണ് പാലം പണിയുക. 11 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും. ചേരിക്കൽ ഭാഗത്ത് 215 മീറ്ററും കോട്ടം ഭാഗത്ത് 293 മീറ്ററും നീളത്തിൽ അനുബന്ധ റോഡും നിർമ്മിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.