ഫുട്ബാൾ ഫൈനലിനിടെ പടക്കംപൊട്ടി കുട്ടിക്ക് പരിക്ക്
text_fieldsതൃക്കരിപ്പൂർ: തൃക്കരിപ്പൂർ ടൗണിൽ സമാപിച്ച ഖാൻ സാഹിബ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിനിടെ കാണികളിൽ ചിലർ പ്രയോഗിച്ച കരിമരുന്ന് പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്ക്. തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂൾ വിദ്യാർഥി മുൻതസിറിന്റെ മകൻ ഒളവറയിലെ ഹാദി മിൻഹക്കാണ് (15) മുഖത്ത് മുറിവേറ്റത്.
എടച്ചാക്കൈയും കവ്വായിയും തമ്മിൽ നടന്ന ഫൈനലിലാണ് സംഭവം. കരിമരുന്നുപ്രയോഗം ഉണ്ടാവില്ലെന്ന് പങ്കെടുക്കുന്ന ടീമുകൾ പൊലീസുമായുള്ള ചർച്ചയിൽ സമ്മതിച്ചിരുന്നതായി തൃക്കരിപ്പൂർ ടൗൺ എഫ്.സി പ്രതിനിധികൾ പറഞ്ഞു. എന്നാൽ, ഹിറ്റേഴ്സ് ടീമിന്റെ ആരാധകരുടെ ഭാഗത്തുനിന്നാണ് ദൗർഭാഗ്യകരമായ സംഭവമുണ്ടായത്. ഇതേത്തുടർന്ന് ഫൈനലിൽ റണ്ണേഴ്സായ ഹിറ്റേഴ്സ് ടീമിന്റെ പ്രൈസ് മണി തടഞ്ഞുവെക്കുകയും ചെയ്തു.
സംഭവത്തിൽ കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ബന്ധപ്പെട്ടവർ തയാറായില്ലെന്ന് ബന്ധുവും തൃക്കരിപ്പൂർ പഞ്ചായത്തംഗവുമായ എം.കെ. ഹാജി പറഞ്ഞു. ഫൈനൽ മത്സരത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന 50 പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.