ഇന്ധനമില്ലാതെ ഒരു പകൽ; ഒടുവിൽ ഒത്തുതീർപ്പായി
text_fieldsകണ്ണൂർ: വിഷുവിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ പെട്രോൾ പമ്പ് തൊഴിലാളികൾ ജില്ലയിൽ ആരംഭിച്ച സമരം 12മണിക്കൂറിനു ശേഷം ഒത്തുതീർപ്പായി. പമ്പ് തൊഴിലാളികളുടെ വിഷു ബോണസ് നിഷേധിക്കുന്ന ഉടമകളുടെ നിലപാടിൽ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച രാവിലെ ആറുമുതൽ സമരം തുടങ്ങിയത്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് എന്നീ സംഘടനകൾ സംയുക്തമായാണ് സമരം ആരംഭിച്ചത്.
വ്യാഴാഴ്ച രാവിലെ റീജനൽ ജോയന്റ് ലേബർ കമീഷനർ വിപിൻ ലാലിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കലക്ടർ എസ്. ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിൽ സംയുക്ത സമരനേതാക്കളും പമ്പ് ഉടമകളും നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. യോഗത്തിൽ 17 ശതമാനം ബോണസ് നൽകാൻ തീരുമാനമായി.
ഇന്ധന പമ്പ് സമരം തുടങ്ങുന്നത് അറിഞ്ഞ് ബുധനാഴ്ച രാത്രി വൈകിയും നൂറുകണക്കിനാളുകളാണ് വാഹനത്തിൽ ഇന്ധനം നിറക്കാനായി പമ്പുകളിലെത്തിയത്. ജില്ലയിൽ ജയിൽവകുപ്പിന്റെ കണ്ണൂർ പള്ളിക്കിന്ന് പെട്രോൾ പമ്പ് മാത്രമാണ് വ്യാഴാഴ്ച പ്രവർത്തിച്ചത്. ഇവിടേക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പെട്രോളിനായി എത്തുന്നത്.
ഇതു ഗതാഗത കുരുക്കിനും ഇടയാക്കി. മലയോര മേഖലയിലും കണ്ണൂരിന് പുറത്തുള്ള മറ്റു ടൗൺ പ്രദേശങ്ങളിലുമുള്ളവർക്ക് പമ്പ് തൊഴിലാളികളുടെ സമരം ദുരിതത്തിലാക്കി. അതേസമയം മാഹി പ്രദേശങ്ങളിൽ പമ്പ് തുറന്നതിനാൽ തലശ്ശേരി ഭാഗങ്ങളിലുള്ളവർക്ക് കാര്യമായി സമരം ബാധിച്ചില്ല.
ബോണസ് നൽകാൻ ജില്ല ലേബർ ഓഫിസർ ആറുതവണ യോഗം വിളിച്ചിട്ടും നൽകില്ലെന്ന് പമ്പ് ഉടമകളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ പ്രത്യക്ഷ സമരത്തിലേക്ക് കടന്നത്. ഇതോടെയാണ് തൊഴിലാളികൾ സമരത്തിലേക്ക് കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.