ഇരിക്കൂറില്‍ അഡ്വ.സോണി സെബാസ്റ്റ്യന്‍ വേണ്ടി എ ഗ്രൂപ്പ് രംഗത്ത്
text_fieldsശ്രീകണ്ഠപുരം: കെ.സി. ജോസഫ് ഇരിക്കൂറില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ ഇരിക്കൂറില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അഡ്വ. സോണി സെബാസ്റ്റ്യന്‍ വരുമെന്ന് സൂചന. ഇരിക്കൂര്‍ എ ഗ്രൂപ്പിെൻറ സീറ്റാണ്. ജില്ലയിലെ എ ഗ്രൂപ്പിെൻറ പ്രമുഖനും മലയോരത്തെ നേതാവുമായ സോണിയെ സ്ഥാനാര്‍ഥിയാക്കാന്‍ ഗ്രൂപ് തലത്തില്‍ ഏകദേശ ധാരണയായി. കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയായ സോണി, നിലവില്‍ കെ.പി.സി.സി ജനറൽ സെക്രട്ടറിയും മാര്‍ക്കറ്റ് ഫെഡ് ചെയര്‍മാനുമാണ്. രണ്ടുതവണകളായി തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്ക് പ്രസിഡൻറും റബര്‍ ഉൽപാദക സഹകരണ സംഘം അഖിലേന്ത്യ പ്രസിഡൻറുമായി പ്രവര്‍ത്തിച്ചതിനാല്‍ കര്‍ഷകര്‍ക്കിടയിലെ സ്വാധീനം ഉള്‍പ്പെടെ കണക്കിലെടുത്താണ് ഗ്രൂപ് തീരുമാനം.
പതിറ്റാണ്ടുകളായി കെ.സി. ജോസഫിെൻറ മണ്ഡലമായ ഇരിക്കൂര്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും യു.ഡി.എഫ് പക്ഷത്തുതന്നെ എന്ന് തെളിയിച്ചിരുന്നു. കഴിഞ്ഞ തവണ 9500 വോട്ടിനാണ് കെ.സി. ജോസഫ് വിജയിച്ചതെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 8500ലേറെ വോട്ടിെൻറ ലീഡ് യു.ഡി.എഫിനുണ്ട്. കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫ് പക്ഷത്ത് വന്നതിനുശേഷവും ഇരിക്കൂറിലെ യു.ഡി.എഫിെൻറ മേല്‍ക്കോയ്മ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇരിക്കൂർ തങ്ങൾക്ക് വേണമെന്ന വാദവുമായി കെ.സി. വേണുഗോപാലിെൻറ മൂന്നാം ഗ്രൂപ്പും രംഗത്തുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സജീവ് ജോസഫിനെ മത്സരിപ്പിക്കണമെന്നാണ് മൂന്നാം ഗ്രൂപ്പിെൻറ ആവശ്യം. എന്നാൽ, സജീവിനെ വയനാട്ടിൽ മത്സരിപ്പിക്കാമെന്ന ധാരണയാണ് നേതൃത്വം മുന്നോട്ടുവെക്കുന്നത്. ഇ.കെ.നായനാരെയും രാമചന്ദ്രൻ കടന്നപ്പള്ളിയെയും ഉൾപ്പെടെ വിജയിപ്പിച്ച പാരമ്പര്യം ഇരിക്കൂറിനുണ്ടെന്നതിനാൽ സി.പി.എമ്മിന് ഒരു വട്ടംകൂടി മത്സരിക്കാൻ മടിയൊന്നുമില്ല. സി.പി.ഐയാണ് കഴിഞ്ഞതവണ ഇവിടെ മത്സരിച്ചത്. അതിനാൽ, ഇത്തവണയും അവര്‍ തന്നെ മത്സരിക്കാനാണ് സാധ്യത. ജില്ലയില്‍ പകരം ഉറച്ച വിജയസാധ്യതയുള്ള സീറ്റ് നല്‍കിയാലേ സി.പി.ഐ ഇരിക്കൂര്‍ വിട്ടുകൊടുക്കുകയുള്ളൂ.
പേരാവൂരാണ് സി.പി.ഐ ചോദിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. ഈ സീറ്റ് സി.പി.എം വിട്ടുകൊടുക്കാന്‍ സാധ്യതയില്ല. ആ സ്ഥിതിക്ക് ഇരിക്കൂര്‍ സി.പി.ഐ, കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കാനും സാധ്യതയില്ലെന്നാണ് അറിയുന്നത്.
സി.പി.ഐയാണ് മത്സരിക്കുന്നതെങ്കില്‍ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് മഹേഷ് കക്കത്തിനെ സ്ഥാനാർഥിയാക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.