തുറക്കാനൊരുങ്ങി മൾട്ടി ലെവൽ കാർ പാർക്കിങ് കേന്ദ്രം
text_fieldsകണ്ണൂർ: നഗരത്തിലെ മൾട്ടി ലെവൽ കാർ പാർക്കിങ് കേന്ദ്രങ്ങളുടെ നിർമാണപ്രവൃത്തി അന്തിമഘട്ടത്തിൽ. അമൃത് പദ്ധതിയിൽ 11 കോടി ചെലവഴിച്ച് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ജവഹർ സ്റ്റേഡിയം സ്വാതന്ത്ര്യസമര സ്തൂപത്തിന് സമീപവും എസ്.എൻ പാർക്ക് റോഡിൽ പഴയ പീതാംബര പാർക്കിന് സമീപവുമായി രണ്ട് പാർക്കിങ് കേന്ദ്രങ്ങളാണ് നഗരത്തിൽ ഒരുങ്ങുന്നത്.
ജവഹർ സ്റ്റേഡിയത്തിന് സമീപം അഞ്ച് നിലകളിലും എസ്.എൻ പാർക്ക് റോഡിൽ മൂന്ന് നിലകളിലുമായാണ് മർട്ടി ലെവൽ കാർ പാർക്കിങ് കേന്ദ്രം ഒരുങ്ങുന്നത്. ഇവ പൂർത്തിയായാൽ നഗരത്തിലെ പാർക്കിങ് പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.
നിലവിൽ പാതയോരത്തുള്ള അനധികൃത പാർക്കിങ് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് വരെ കാരണമാകുന്നുണ്ട്. ഇതോടെയാണ് മർട്ടി ലെവൽ പാർക്കിങ് കേന്ദ്രം നിർമിക്കാൻ കോർപറേഷൻ തീരുമാനിച്ചത്. കേന്ദ്രത്തിന്റെ എൻജിനീയറിങ് പ്രവൃത്തികളെല്ലാം പൂർത്തിയായി. ഇനി അവസാനഘട്ടത്തിലെ സിവിൽ പ്രവൃത്തി മാത്രമാണ് ബാക്കിയുള്ളത്.
പുണെ ആസ്ഥാനമായ അഡിസോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നിർമാണച്ചുമതല. 2020 ഒക്ടോബറിലായിരുന്നു നിർമാണപ്രവൃത്തിക്ക് തുടക്കമായത്. ആറുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ, കരാറുകാരും ഉപ കരാറുകാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് നിർമാണം നിലക്കുകയായിരുന്നു.
തുടർന്ന് കോർപറേഷൻ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണുകയും ഈ വർഷം ജൂലൈയിൽ വീണ്ടും നിർമാണം തുടരുകയായിരുന്നു. ഡിസംബറിൽ തുറക്കാമെന്നായിരുന്നു രണ്ടാം ഘട്ടത്തിൽ പ്രവൃത്തി തുടങ്ങുമ്പോൾ കോർപറേഷൻ അധികൃതർ അറിയിച്ചത്.
ജനുവരിയിൽ സജ്ജമാകും
രണ്ട് പാർക്കിങ് കേന്ദ്രങ്ങളും ജനുവരിയിൽ ജനങ്ങൾക്ക് തുറന്നുനൽകാൻ ലക്ഷ്യമിട്ടുള്ള പ്രവൃത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ നിർമാണം നിലച്ചിരുന്നു. എന്നാൽ, ഇപ്പോൾ പ്രവൃത്തി തടസ്സമില്ലാതെ തുടരുകയാണ്. പ്രവൃത്തി ഇപ്പോൾ അന്തിമ ഘട്ടത്തിലാണ്.
(ടി.ഒ. മോഹനൻ, മേയർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.