സ്കൂളുകൾക്ക് പുതിയ മുഖം
text_fieldsകണ്ണൂർ: ജില്ലയിലെ സ്കൂളുകൾക്ക് പുതിയ മുഖം നൽകി പുതിയ കെട്ടിടങ്ങളുടെ നിർമാണം. ആയിത്തറ മമ്പറം ഗവ. ഹയര്‍ സെക്കൻഡറി, കാഞ്ഞിലേരി യു.പി, പടിയൂര്‍ ഗവ. ഹയർ സെക്കൻഡറി, കൂവേരി ഗവ. എൽ.പി, ചെറുകുന്ന് ഗവ. വി.എച്ച്.എസ്.എസ്, അരോളി ഗവ. ഹയർ സെക്കൻഡറി, മാടായി ഗവ. ബോയ്സ് എച്ച്.എസ് സ്കൂളുകളിൽ നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി തിങ്കളാഴ്ച നിർവഹിച്ചു.
ആയിത്തറ മമ്പറത്ത് ഒരു കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ചാണ് സ്കൂൾ കെട്ടിടം നിർമിച്ചത്. മട്ടന്നൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന തരംഗം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഓയില്‍ കോർപറേഷന്‍ സംഭാവന ചെയ്ത 30 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ കായിക ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ വിതരണത്തിന് തയാറായിട്ടുണ്ട്.
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ വലിയ മാറ്റങ്ങളുടെ കീര്‍ത്തി കേരളത്തില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്റക്‌സില്‍ ഇന്ത്യയില്‍തന്നെ കേരളം ഒന്നാം സ്ഥാനത്താണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നിലവില്‍ വന്നശേഷം കിഫ്ബി വഴി മാത്രം 2500 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് പൊതുവിദ്യാലയങ്ങളില്‍ നടന്നത്. അഞ്ച് കോടി മുതല്‍മുടക്കില്‍ 141 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്നു കോടി മുതല്‍മുടക്കില്‍ 386 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു കോടി മുതല്‍മുടക്കില്‍ 446 സ്‌കൂള്‍ കെട്ടിടങ്ങളും നിർമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 654.45 കോടി രൂപ വകയിരുത്തി 549 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.
മാടായി ഗവ. ബോയ്സ് ഹയർ സെക്കൻഡറിയിൽ ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ഇരുനില കെട്ടിടത്തിൽ ആറ് ക്ലാസ് മുറികൾ, വിശ്രമമുറി, ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. കിലയാണ് പ്രവൃത്തിയുടെ സാങ്കേതിക മേൽനോട്ടവും നിർവഹണവും നടത്തിയത്.
കാഞ്ഞിലേരി യു.പി സ്‌കൂളില്‍ പുതുതായി രണ്ട് ബ്ലോക്ക് കെട്ടിടമാണ് നിർമിച്ചത്. ഔട്ട്ഡോര്‍ സ്റ്റേജും നവീകരിച്ച ഓഫിസ് കെട്ടിടവും സ്കൂളിലൊരുങ്ങി. പടിയൂര്‍ ഗവ. ഹയർ സെക്കൻഡറിയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി ഫണ്ടില്‍നിന്ന് അനുവദിച്ച ഒരു കോടി രൂപയും പൊതുമരാമത്ത് വകുപ്പിന്റെ ഒരു കോടിയും വിനിയോഗിച്ച് രണ്ട് പുതിയ കെട്ടിടങ്ങളാണ് നിർമിച്ചത്.
200 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, ഹൈസ്‌കൂൾ ലാബുകൾക്കായുള്ള രണ്ട് മുറികൾ, പ്ലസ് ടു ലാബ് സൗകര്യമുള്ള കെട്ടിടം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. അരോളി ഗവ. ഹയർ സെക്കൻഡറിയിൽ കിഫ്ബിയിലൂടെ അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്.
ആറു ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടമാണ് ഒരുക്കിയത്. കിലയാണ് പ്രവൃത്തിയുടെ സാങ്കേതിക മേൽനോട്ടവും നിർവഹണവും നടത്തിയത്.
ചെറുകുന്ന് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു കോടി രൂപ ചെലവിലാണ് കെട്ടിടം ഒരുക്കിയത്. ഹൈസ്‌കൂൾ ബ്ലോക്കിൽ താഴത്തെ നിലയിൽ ആറ് ക്ലാസ് മുറികൾ, ലാബ്, സ്റ്റോർ റൂം, ഒന്നാംനിലയിൽ നാല് ക്ലാസ് മുറികൾ എന്നിവയാണുള്ളത്. ഇരുനിലകളിലും മൂന്നു ടോയ്‌ലറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കെട്ടിടത്തിന്റെ ഇരുവശത്തും ഗോവണികൾ, ഭിന്നശേഷിക്കാർക്കായി പ്രത്യേക ശുചിമുറി സൗകര്യങ്ങൾ, റാമ്പ്, മുൻഭാഗത്ത് ഇന്റർലോക്ക് ടൈൽസ്, കെട്ടിടത്തിന് ആവശ്യമായ ജലവിതരണ സംവിധാനം എന്നിവ ഒരുക്കി. പൊതുമേഖല സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡാണ് പ്രവൃത്തിയുടെ സാങ്കേതിക മേൽനോട്ടവും നിർവഹണവും നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.