കണ്ണൂര്‍ നഗരത്തില്‍ മോഷണ പരമ്പര; ഏഴുകടകൾ കുത്തിത്തുറന്ന് കവർച്ച
text_fieldsകണ്ണൂർ: നഗരത്തിൽ മോഷണ പരമ്പര. കാൽടെക്സ് സബ് രജിസ്ട്രാര്‍ ഓഫിസ് റോഡിലെ സുപെക്സ് കോർണറിലെ ഏഴ് കടകളിലാണ് കഴിഞ്ഞദിവസം അർധരാത്രിയോടെ മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ കടയുടമകള്‍ എത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്.
ഒന്നാം നിലയിലെ എസ്.ആര് പ്രിന്റേഴ്സ്, ക്രയോണ്‍സ് ക്രിയേഷന്, ലൈക്ക ബ്യൂട്ടിപാര്‍ലര്‍, മെഡിടെക് മെഡിക്കല്‍ ഷോപ്, എസ് ഡെവലേപ്പേഴ്സ്, ഗ്രീന്‍ ലാംപ് സ്റ്റുഡിയോ, ക്രയാസ ബില്‍ഡേഴ്സ് എന്നീ കടകളാണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്. ഷട്ടറുകളും ഗ്ലാസും തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്.
നേരത്തെയും ഈ കോംപ്ലക്സിൽ മോഷണം നടന്നിരുന്നു. രണ്ടുവർഷത്തിനിടെ മൂന്നാം തവണയാണ് കവർച്ച നടക്കുന്നത്.
എസ്.ആര് പ്രിന്റേഴ്സിൽ കഴിഞ്ഞയാഴ്ചയും ഒന്നരവർഷം മുമ്പും മോഷണം നടന്നിരുന്നു. അന്ന് 12,000 രൂപയാണ് കവർന്നത്. 10 കടകളിലാണ് അന്ന് മോഷ്ടാവ് കയറിയത്. കഴിഞ്ഞദിവസം പ്രിന്റിങ് റൂമിന്റെ പൂട്ടുപൊളിച്ചു അകത്തുകയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. അന്ന് നിരീക്ഷണ കാമറകൾ പരിശോധിച്ച് വിശ്വരാജ് എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. നിലവിൽ ജാമ്യത്തിലാണ്. ഇയാളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
തിങ്കളാഴ്ച രാത്രി വളരെ വൈകിയും ഇവിടെ കടകള്‍ പ്രവര്‍ത്തിച്ചിരുന്നു. കട പൂട്ടി പോയപ്പോഴാണ് മോഷണം നടന്നത്. രാത്രിയായാൽ സബ് രജിസ്ട്രാര്‍ ഓഫിസ് റോഡ് വിജനമാണ്. വെളിച്ചവും കുറവായിരിക്കും. മോഷണം നടന്ന കെട്ടിടത്തിൽ സുരക്ഷാ ജീവനക്കാരോ നിരീക്ഷണ കാമറകളോ ഇല്ല. ചില കടകളിൽ മാത്രമാണ് കാമറയുള്ളത്. റോഡിൽനിന്നും ശ്രദ്ധ പതിയാത്ത കെട്ടിടമായതിനാൽ രാത്രി ശബ്ദം കേട്ടാലും ആരുമറിയില്ല.
ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മിക്ക കടകളിലും കയറിയത്. മോഷ്ടാവ് വലിയ ഗ്ലാസ് വാതിലുകൾ തകർത്തതിനാൽ വൻ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. കഴിഞ്ഞയാഴ്ച ഫോട്ടോസ്റ്റാറ്റ് കടയിൽ കയറിയ മോഷ്ടാവ് 2,000 രൂപ കവർന്നിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, എസ്.ഐ സി.എച്ച്. നസീബ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മോഷണത്തിൽ കാര്യമായൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ആൾത്താമസവും സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത വീടുകൾക്കൊപ്പം കെട്ടിടങ്ങളും മോഷ്ടാക്കൾ ഉന്നംവെക്കുകയാണ്. ഈ വർഷം ചെറുതും വലുതുമായ ഇരുന്നൂറോളം മോഷണമാണ് ജില്ലയിൽ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.