കല്യാശ്ശേരിയിൽ ടോൾ പ്ലാസ വരും, അടിപ്പാത വരില്ല
text_fieldsകല്യാശ്ശേരി: ദേശീയപാതക്ക് ആവശ്യമായ ടോൾപ്ലാസയുടെ പ്രവൃത്തി ഹാജിമൊട്ടയിൽ ആരംഭിച്ചതോടെ കല്യാശ്ശേരിയിൽ അടിപ്പാത വരില്ലെന്ന് ഉറപ്പായി. കല്യാശ്ശേരിക്ക് സമീപത്തെ ഹാജിമൊട്ടയിൽ ടോൾപ്ലാസ നിർമിക്കരുതെന്നും അവിടെ അടിപ്പാതവേണമെന്നും ഏറെനാളായി പ്രദേശവാസികൾ മുറവിളി കൂട്ടുകയാണ്. ഡി.പി.ആർ പ്രകാരം മാത്രമാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. പ്രദേശവാസികൾ കല്യാശ്ശേരി ബിക്കിരിയൻ പറമ്പ് റോഡിലൂടെ ആശങ്കയോടെയാണ് യാത്ര ചെയ്യുന്നത്.
ഏതുസമയവും ഈ റോഡ് അടച്ചുപൂട്ടാൻ പാകത്തിൽ റോഡിന് ഇരുവശവും മണ്ണിട്ട് ഉയർത്തിക്കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പേ കല്യാശ്ശേരി ബിക്കിരിയൻപറമ്പ് റോഡ് അടക്കാനുള്ള തയാറെടുപ്പിന്റെ മുന്നോടിയായി റോഡ് അടക്കുമെന്ന ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ നാട്ടുകാരും രാഷ്ടീയ നേതൃത്വവും ഇടപെട്ട് പ്രതിഷേധിച്ചതിനാൽ ബോർഡ്സ്ഥാപിച്ചില്ല.
കെ.പി.ആർ. ഗോപാലൻ ഗവ. ഹൈസ്കൂൾ, പഞ്ചായത്ത് ഒാഫിസ് എന്നിവ കിഴക്കുഭാഗത്തും പോളിടെക്നിക്ക്, വില്ലേജ് ഓഫിസ്, അംഗൻവാടി, എൽ.പി സ്കൂൾ, ആശുപത്രി, വാട്ടർ അതോറിറ്റി എന്നീ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ പടിഞ്ഞാറു ഭാഗത്തുമാണ്. റോഡ് അടയുന്നതോടെ കല്യാശ്ശേരിയിലെ ഈ പ്രദേശത്തെ രണ്ടായി കീറിമുറിക്കും. പ്രദേശത്തുള്ളവർ കീച്ചേരിയിലേക്ക് പോകാനും വരാനുമായി രണ്ടു കി.മി സഞ്ചരിക്കേണ്ടി വരും.
കല്യാശ്ശേരി സ്കൂളിലേക്കും വിദ്യാർഥികൾക്ക് രണ്ടു കിലോമീറ്റർ സഞ്ചരിക്കേണ്ടി വരും. വാഹന സൗകര്യമുള്ള സ്കൂളിലേക്ക് വിദ്യാർഥികളെ മാറ്റേണ്ടിവരുമെന്ന ചിന്തയിലാണ് രക്ഷിതാക്കൾ. റോഡ് പ്രവൃത്തിക്കുള്ള വെള്ളം വാട്ടർ അതോറിറ്റിയിൽ നിന്നാണ് എത്തുന്നത്. എന്തുവന്നാലും മഴ വരുന്നതോടെ റോഡ്അടക്കാനുള്ള എല്ലാ തയാറെടുപ്പും കരാറുകാർ ചെയ്തു കഴിഞ്ഞു.
മാങ്ങാട് നൂറ്റാണ്ടുകൾക്ക് മുമ്പേ അറിയപ്പെട്ടിരുന്ന ഹാജിമൊട്ട (കുന്ന്) പൂർണമായും ഇടിച്ചു നിരത്തിയാണ് ടോൾ പ്ലാസക്കുള്ള സ്ഥലം കണ്ടെത്തിയത്. ടോൾ പ്ലാസയുടെ ഇരുവശത്തുമായി 500 മീറ്റർ നീളത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്യുന്നത്. 500 മീറ്റർ കഴിഞ്ഞുള്ള റോഡിൽ സർവിസ് റോഡും തയാറായി. ടോൾപ്ലാസ നിർമിക്കാനാവശ്യമായ പ്രദേശത്തുള്ള വൈദ്യുതി തൂണുകളും ലൈനുകളും മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.