പേരുപോലുമില്ല; വളപട്ടണം പേരിനൊരു സ്റ്റേഷൻ
text_fieldsപാപ്പിനിശേരി: ചെറുകിട റെയിൽവെ സ്റ്റേഷനുകൾ സർക്കാറിന്റെ അവഗണനയിൽ മുങ്ങിത്താഴുന്നു. പ്രധാന കവാടത്തിൽ പേരുപോലും ഇല്ലാതെയാണ് റെയിൽവേ സ്റ്റേഷനുള്ളത്. തീവണ്ടിയുടെ ചൂളംവിളിയിൽ മാത്രമാണ് വളപട്ടണം ഒരു റെയിൽവേ സ്റ്റേഷനാകുന്നത്. ദിനംപ്രതി 50,000 രൂപയുടെ ടിക്കറ്റ് വരുമാനവും സിമന്റ് ഉൾപ്പെടെയുള്ള ചരക്ക് വാഗൺ ഇനത്തിൽ മാസത്തിൽ ഏഴു ലക്ഷവും വരുമാനമുള്ള ബി ക്ലാസ് സ്റ്റേഷനായ വളപട്ടണം റെയിൽവേ സ്റ്റേഷന്റെ അവസ്ഥ പരിതാപകരമാണ്.
1904ൽ പ്രവർത്തനമാരംഭിച്ച് 120 വർഷത്തിന്റെ ചരിത്രമാണ് സ്റ്റേഷനുള്ളത്. സ്റ്റേഷനിലേക്ക് പോകുന്ന അപ്രോച്ച് റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായി. ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. മഴക്കാലം വരുന്നതോടെ റോഡ് ചളിക്കുളമാകും. പ്രധാന കവാടത്തിലും സ്റ്റേഷനിലും പേരുപോലും സ്ഥാപിച്ചിട്ടില്ല.
യാത്രക്കാർക്ക് കുടിക്കാനുള്ള ശുദ്ധജല സംവിധാനവുമില്ല. പ്ലാറ്റ്ഫോമിൽ മേൽക്കൂര നിർമാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. 18 കോച്ചുകൾ നിർത്താനുള്ള സൗകര്യം മാത്രമേ ഇപ്പോഴുള്ളൂ. ഇപ്പോൾ നിർത്തുന്ന വണ്ടികളെല്ലാം 23 കോച്ചുള്ളവയാണ്. അഞ്ച് കോച്ചുകളിലെ യാത്രക്കാർ ഇറങ്ങുന്നതും കയറുന്നതും പ്ലാറ്റ് ഫോമിന്റെ പുറത്തുനിന്നാണ്.
സ്റ്റേഷൻ പരിസരം കാടുകയറിയതിനാൽ രാത്രി യാത്രയും ദുരിതമാണ്. വർഷങ്ങൾക്ക് മുമ്പേ നിർമിച്ച ലോ ലെവൽ പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. അത് നവീകരിക്കാനുള്ള ഒരുനടപടിയും ഉണ്ടായിട്ടില്ല. എന്നാൽ ഹൈലെവൽ പ്ലാറ്റ്ഫോമിന്റെ പട്ടികയിൽപ്പെടുത്തിയാണ് വണ്ടികൾ നിർത്തിവരുന്നത്. തീവണ്ടിയും പ്ലാറ്റുഫോമും തമ്മിൽ വലിയ ഉയര വ്യത്യാസവുമുണ്ട്.
മാസത്തിൽ 900 ഗുഡ്സ് വാഗൺ സിമന്റും മറ്റു ചരക്കുകളുമായി എത്തിയിരുന്ന വളപട്ടണം സ്റ്റേഷനിലിപ്പോൾ 300 ആയി കുറഞ്ഞു. അടുത്തകാലം വരെ മരം കയറ്റിറക്കത്തിലൂടെ മെച്ചപ്പെട്ട വരുമാനം റെയിൽവേക്ക് ലഭിച്ചിരുന്നു.
നിലവിൽ ചെറുവത്തൂർ, കോഴിക്കോട് പാസഞ്ചർ എന്നീ വണ്ടികൾ മാത്രമേ നിർത്തുന്നുള്ളൂ.
കൂടുതൽ വണ്ടികൾക്ക് സ്റ്റോപ് അനുവദിച്ചാൽ വരുമാനം ഇരട്ടിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.