ആറളം ഫാം തൊഴിലാളികൾ പട്ടിണിയിലേക്ക്
text_fieldsആറളം: നാല് മാസമായി വേതനം കിട്ടാതെ തൊഴിലെടുക്കുകയാണ് ആറളം ഫാമിലെ ആദിവാസികൾ ഉൾപ്പെടെ തൊഴിലാളികളും ജീവനക്കാരും. ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസത്തെ ശമ്പളത്തിൽനിന്ന് ഒരു രൂപ പോലും തൊഴിലാളികൾക്കോ ജീവനക്കാർക്കോ നൽകിയിട്ടില്ല.
എന്ന് നൽകുമെന്ന് പറയാൻ പറ്റാത്ത സാമ്പത്തിക ഞെരുക്കത്തിലും. ശമ്പളം നൽകാൻ പണം ചോദിച്ചുള്ള അപേക്ഷയുമായി ഇനി ഇങ്ങോട്ട് എത്തേണ്ടെന്ന മറുപടി ധനകാര്യവകുപ്പിൽനിന്ന് ഫാം മാനേജ്‌മെന്റിന് രേഖാമൂലം ലഭിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര സഹായം ആവശ്യപ്പെട്ട് ഫാം മാനേജ്‌മെന്റ് നൽകിയ രണ്ട് അപേക്ഷകളും ധനകാര്യ വകുപ്പ് തിരിച്ചയച്ചു.
തൊഴിലാളികളുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകാനുള്ള പണം ഫാമിൽനിന്ന് തന്നെ കണ്ടെത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനുള്ള പ്രാപ്തിയും ഫാമിനില്ല. സർക്കാർ നിലപാട് കടുപ്പിച്ചതോടെ ഫാമിന്റെ ഭാവിയും തൊഴിലാളികളുടെ നിലനിൽപും ഭീഷണിയിലായിരിക്കുകയാണ്
ഫാമിൽ സ്ഥിരം തൊഴിലാളികളും താൽക്കാലിക തൊഴിലാളികളും ജീവനക്കാരുമടക്കം 390പേരാണുള്ളത്. താൽക്കാലിക തൊഴിലാളികളും സ്ഥിരം തൊഴിലാളികളുമായി 200ഓളം പേർ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപെട്ടവരാണ്.
ഒരുമാസത്തെ ശമ്പളം മാത്രം നൽകാൻ 50 ലക്ഷത്തോളം രൂപ വേണം. ജീവനക്കാർക്കുള്ള പി.എഫ് വിഹിതവും പിരിഞ്ഞ ജീവനക്കാർക്കുള്ള ആനുകൂല്യ വിതരണവും നിലച്ചിരിക്കുകയാണ്. ഇതിനുമാത്രമായി രണ്ട് കോടിയോളം രൂപ വേണ്ടി വരുമെന്നാണ് പറയുന്നത്.
ഓണത്തിന് തൊഴിലാളികൾ പട്ടിണി സമരം പ്രഖ്യാപിച്ചതുകൊണ്ടാണ് ഒരു മാസത്തെ ശമ്പളം അനുവദിച്ചത്. അന്ന് ഒന്നരക്കോടി രൂപയാണ് വേതനം അനുവദിക്കുന്നതിന് സർക്കാർ അനുവദിച്ചത്. അന്ന് നാല് കോടിയാണ് സർക്കാർ പ്രഖ്യാപിച്ചതെങ്കിലും ധനകാര്യ വകുപ്പ് ഇടപെട്ട് ഒന്നരക്കോടിയായി വെട്ടിച്ചുരുക്കി.
വരുമാന മാർഗങ്ങൾ അടഞ്ഞു
സ്വന്തമായി വരുമാനം കണ്ടെത്തണമെന്ന് സർക്കാർ പറയുമ്പോഴും വൻ പ്രതിസന്ധിയാണ് ഫാമിനെ തുറിച്ചു നോക്കുന്നത്. നിത്യചെലവുകൾക്ക് പോലും പണം കണ്ടെത്താൻ എന്തു ചെയ്യുമെന്ന കാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ല. അഞ്ചുകോടിയെങ്കിലും സർക്കാറിൽനിന്ന് ലഭിച്ചാൽ മാത്രമെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമാകൂ. മുടങ്ങിക്കിടക്കുന്ന നാലു മാസത്തെ ശമ്പളം നൽകണമെങ്കിൽ രണ്ട് കോടിയിലധികം വേണം.
പിരിഞ്ഞുപോയ ജീവനക്കാർക്ക് നൽകാനുള്ള ഗ്രാറ്റ്വിറ്റിയും മറ്റ് ആനുകൂല്യങ്ങളും നൽകാൻ രണ്ട് കോടിയിലധികം വേണം. ബാങ്ക് വായ്പയും മറ്റ് ചെലവുകൾക്കുമായി ഒരു കോടിയോളം വരും. ഇപ്പോൾ ഫാമിലുള്ള ഏക വരുമാനം ലാറ്റക്‌സിൽ നിന്ന് ലഭിക്കുന്ന തുച്ഛ തുക മാത്രമാണ്.
പ്രധാന വരുമാന മാർഗമായിരുന്ന തേങ്ങയിൽ നിന്ന് കുരങ്ങുശല്യം കാരണം ഒരു ലക്ഷം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ വർഷം കശുമാവിന്റെ ചുവട്ടിലെ കാട് വെട്ടിത്തെളിച്ചവകയിൽ നൽകാനുള്ള കൂലി ഇനിയും നൽകാനുണ്ട്. കശുമാവ് പൂക്കുന്നതിന് മുമ്പ് കാട് വെട്ടിത്തെളിക്കണം. 50 ലക്ഷത്തിലധികം തുക ഇതിനുമാത്രമായി വിനിയോഗിക്കേണ്ടിവരും.
2021 ആഗസ്റ്റ് മുതൽ ഗ്രാറ്റ്വിറ്റി ഇനത്തിലും 2022 ജൂലൈ മുതൽ പി.എഫ് ഇനത്തിലും അടക്കാനുള്ള പണം മുടങ്ങി കിടക്കുകയാണ്. കശുവണ്ടി സീസൺ ആരംഭിക്കുന്നതുവരെ കടുത്ത പ്രതിസന്ധിയാണ് നേരിടേണ്ടിവരുക.
വൈവിധ്യവത്കരണത്തിലൂടെ വരുമാനം കണ്ടെത്താനുള്ള പദ്ധതികൾ സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും എല്ലാ മാർഗങ്ങളിലൂടെയും വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നുമാണ് ഫാമിൽ എം.ഡിയുടെ ചുമതലയുള്ള ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമീഷണർ ഡി.ആർ. മേഖശ്രീ പറഞ്ഞു. താൽക്കാലിക തൊഴിലാളികൾക്കും പ്ലാന്റേഷൻ തൊഴിലാളികൾക്കും ഒരുമാസത്തെ വേതനം അനുവദിച്ചതായും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.