എൻജിനീയറിങ് വിദ്യാർഥിയുടെ അപകടമരണം: പൊലീസ് 'മെല്ലെപ്പോക്കിൽ'
text_fieldsതലശ്ശേരി: വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധമുയരുന്നു. താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ് ലാഹ് ഫറാസാണ് (19) ബലിപെരുന്നാൾ ദിവസം മരിച്ചത്. പെരുന്നാൾ തലേന്ന് രാത്രി തലശ്ശേരി ജൂബിലി റോഡിലുണ്ടായ അപകടത്തിലാണ് ഫറാസ് മരിച്ചത്. ഫറാസ് സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗതയിലോടിയ കാർ ഇടിച്ചുകയറുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും കേസിൽ പൊലീസ് വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കതിരൂർ ഭാഗത്തുനിന്ന് കുതിച്ചെത്തിയ ആഡംബരക്കാർ നഗരത്തിൽ അമിതവേഗതയിൽ ഓടിയതാണ് വിദ്യാർഥിയുടെ ദാരുണ മരണത്തിനിടയാക്കിയത്. കാർ ചിറക്കര ഭാഗത്തെത്തിയപ്പോൾ ഇവിടത്തെ ഏതാനുംപേർ ഇവരെ ചോദ്യം ചെയ്തിരുന്നു.ഇതിൽ വാശിമൂത്ത കാർയാത്രികർ നഗരമധ്യത്തിലെ ജൂബിലി റോഡിലാണ് അടുത്ത പ്രകടനം നടത്തിയത്. നടുറോഡിൽ ഇവർ നടത്തിയ അഭ്യാസമാണ് ഫറാസിെൻറ മരണത്തിനിടയാക്കിയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കതിരൂർ ഉക്കാസ്മൊട്ടയിലാണ് അപകടം വരുത്തിയ കാറെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചിട്ടുണ്ട്. റോഡിൽ യു ടേൺ പ്രകടനം നടത്തുന്നതിനിടയിലാണ് ഫറാസ് സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ കാർ ഇടിച്ചതെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ കാറിനടിയിൽ അകപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ തിരിഞ്ഞുനോക്കാതെ അപകടസ്ഥലത്തുനിന്ന് കാർ യാത്രികർ രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ കാറിെൻറ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി തെളിവ് നശിപ്പിക്കാനും ശ്രമം നടന്നു. വഴിയാത്രക്കാർ കാൺകെ ഇത്രയും പൈശാചികമായ കുറ്റകൃത്യം നടത്തി അപ്രത്യക്ഷമായവർക്കെതിരെ പതിവുരീതിയിൽ പൊലീസ് സ്റ്റേഷനിൽനിന്ന് ജാമ്യം കിട്ടാനിടയുള്ള മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പിൽ കേസെടുത്തതിൽ പ്രതിഷേധം ഉയർന്നു. പ്രതികൾക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.