കരുണ കാണിക്കാം, രക്ഷകരാവാം
text_fieldsകണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചോരയൊലിപ്പിച്ച് റോഡിൽ കിടക്കുന്നവരെ പരിഗണിക്കാതെ പാഞ്ഞുപോകുന്നവരറിയുന്നില്ല ഒരുജീവനാണ് വഴിയിൽ പിടയുന്നതെന്ന്. നാം കാണിക്കുന്ന കരുണയും നല്ലമനസ്സും ഒരു മനുഷ്യജീവൻ രക്ഷിക്കാൻ കാരണമായേക്കും. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ വാഹനാപകടങ്ങളിൽ പരിക്കേറ്റ് മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. അപകടരംഗം കണ്ട് ഭയന്നോ നിയമത്തിന്റെ നൂലാമാലകളിൽ ആശങ്കപ്പെടുന്നതിനാലോ ആണ് പരിക്കേൽക്കുന്നവരെ സഹായിക്കാനും ആശുപത്രിയിലെത്തിക്കാനും പലരും മടിക്കുന്നത്. എന്നാൽ, റോഡപകടങ്ങളില്‍പെട്ടവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമങ്ങള്‍ നിലവിലുണ്ട്. ഇത്തരത്തില്‍ സേവനം നടത്തുന്നവര്‍ക്ക് ആവശ്യമായ പരിഗണനയും സുരക്ഷയും നല്‍കുന്നതാണ് നിയമം. ആശുപത്രിയിൽ എത്തിക്കുന്നയാളുകളെ അനാവശ്യ ചോദ്യം ചെയ്യലിനുപോലും വിധേയരാക്കരുത്.
ആശുപത്രിയിലെത്തിച്ചശേഷം പൊലീസിന്റെ ചോദ്യം ചെയ്യലുകളും നിയമത്തിന്റെ നൂലാമാലകളും ഭയന്ന് പലരും പരിക്കേറ്റവരെ കണ്ടില്ലെന്നുനടിച്ച് ഇപ്പോഴും കടന്നുകളയുകയാണ്. ഇതുസംബന്ധിച്ച് കൃത്യമായ ബോധവത്കരണം ആവശ്യമാണെന്നാണ് ട്രോമാകെയർ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. കഴിഞ്ഞദിവസം കൂത്തുപറമ്പ് നീർവേലിയിൽ കർണാടക ട്രാൻസ്പോർട്ട് ബസ് ഇടിച്ച് പരിക്കേറ്റ വിദ്യാർഥി 20 മിനിറ്റ് റോഡിൽ ചോരവാർന്നുകിടന്നാണ് മരിച്ചത്. ഈ സമയത്തിനുള്ളിൽ വെറും ആറര കിലോമീറ്റർ അകലെയുള്ള മട്ടന്നൂരിലെയോ കൂത്തുപറമ്പിലെയോ ആശുപത്രികളിൽ കുട്ടിയെ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ കഴിഞ്ഞേനെ. ചോരവാർന്നുകിടക്കുന്ന കുട്ടിയെ രക്ഷിക്കാൻ ഓടിക്കൂടിയവർ നിലവിളിച്ചുപറഞ്ഞെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നാണ് ഖേദകരം. മാസങ്ങൾക്ക് മുമ്പ് കണ്ണൂർ കിളിയന്തറ ചെക്ക്പോസ്റ്റിന് സമീപം ബൈക്കിൽനിന്ന് വീണ യുവാക്കളെ അമിതവേഗതയിൽ എത്തിയ കാറുകൾ ഒന്നിനുപിന്നാലെ ഒന്നായി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാക്കൾ മരിച്ചതും റോഡിൽ ചോരവാർന്നാണ്.
മൂന്നുമാസം മുമ്പ് ചാവശ്ശേരിക്ക് സമീപം 21ാം മൈലിൽ ഓട്ടോഡ്രൈവർക്ക് ജീവൻ നഷ്ടമായതും റോഡപകടത്തിൽ പരിക്കേറ്റ് ആരാലും ശ്രദ്ധിക്കാതെ പോയതിനാലാണ്. രണ്ടുവർഷം മുമ്പ് ഇരിട്ടി-ഉളിക്കല്‍ റൂട്ടില്‍ പുതുശ്ശേരിയില്‍ ഇരുചക്രവാഹനം റോഡില്‍ തെന്നിവീണതിനെ തുടര്‍ന്ന് തലക്ക് ഗുരുതര പരിക്കേറ്റ് രക്തത്തിൽ കുളിച്ച് ആരും ആശുപത്രിയിലെത്തിക്കാൻ തയാറാവാത്തതിനെ തുടർന്ന് യുവാവിനെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തിയ സംഭവം അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു.
കോവിഡ് പശ്ചാത്തലത്തിലാണ് അന്ന് എല്ലാവരും ഭയന്നുമാറിനിന്നത്. കോവിഡ് കാലത്ത് അപകടത്തിൽപെട്ട ഭൂരിഭാഗം പേരുടെയും അവസ്ഥ ഇതായിരുന്നു.
പരിക്കേൽക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ദുരനുഭവങ്ങളുണ്ടായ സംഭവങ്ങളും ഏറെയാണ്. മൂന്നുവർഷം മുമ്പ് പാനൂരിലേക്കുള്ള യാത്രക്കിടെ ചമ്പാട് അപകടത്തിൽപെട്ട് മരിച്ച പണ്ഡിതനും പ്രഭാഷകനുമായ സക്കരിയ സ്വലാഹിയെ രക്തം വാർന്നനിലയിൽ ആശുപത്രിയിലെത്തിച്ചശേഷം വാഹനം കഴുകാനായി എത്തിയ യുവാവിനോട് സർവിസ് സെന്ററിലെ ജീവനക്കാർ മോശമായി പെരുമാറിയിരുന്നു. കാറിൽ പരന്ന രക്തം കട്ടപിടിക്കുന്നതിനുമുമ്പ് വൃത്തിയാക്കാൻ സർവിസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഈ അനുഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.