എടക്കാട് പഴയ ദേശീയപാതയിൽ അപകടം തുടർക്കഥ
text_fieldsഎടക്കാട്: എടക്കാട് ബസാർ വഴി പോകുന്ന കണ്ണൂർ-തലശ്ശേരി റൂട്ടിലെ പഴയ ദേശീയപാതയിലെ എടക്കാട് അടിപ്പാതക്ക് സമീപത്തെ അരക്കിലോ മീറ്ററോളം വരുന്ന റോഡ് ടാർചെയ്യാതെ കിടക്കുന്നത് കാരണം അപകടം തുടർക്കഥയാവുന്നു. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രത്യക്ഷ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.
നിരവധി വ്യാപാര സ്ഥാപനങ്ങളുള്ളതും പല വഴികളിൽനിന്ന് എത്തുന്ന നിരവധി വാഹനങ്ങളും അത്രയേറെ ജനങ്ങളും ദിനേന എത്തിപ്പെടുന്ന എടക്കാട് ബസാർ ഗതാഗതക്കുരുക്കിന് പിന്നാലെ അപകട മുനമ്പായും മാറുകയാണ്.ഇവിടെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സർവിസ് റോഡ് നിർമാണത്തിനും ഓവുചാൽ നിർമിക്കുന്നതിനും കഴിഞ്ഞ വർഷം നവംബറിൽ നിലവിലെ റോഡ് കീറിമുറിച്ചിരുന്നു.
അതോടനുബന്ധിച്ച നിർമാണ പ്രവർത്തനം കഴിഞ്ഞിട്ട് ഒരു വർഷം പിന്നിട്ടിട്ടും ഈ ഭാഗങ്ങളിലെ ടാറിങ്ങ് ഇതുവരെ തുടങ്ങിയിട്ടില്ല. കുണ്ടും കുഴിയും ഇളകിവരുന്ന കല്ലുകളും നിറഞ്ഞ റോഡിൽ വലിയതോതിലുള്ള അപകടമാണ് തുടർച്ചയായി ഉണ്ടാവുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ ബൈക്ക് യാത്രികരായ നാല് പേർക്ക് പരിക്കേറ്റു. റോഡിൽ ഇളകിയ കല്ലുകളിൽ തട്ടി തെന്നിവീണതിനെ തുടർന്നാണ് ഇവർക്ക് പരിക്കേറ്റത്. നേരെത്തെയും ഇത്തരം അപകടങ്ങൾ ഇവിടെ പതിവായിരുന്നു.
ഓവുചാൽ നിർമാണം കഴിഞ്ഞതിൽ പിന്നെ തലശ്ശേരി സർവിസ് റോഡിലേക്ക് കയറാൻ ഇവിടെ ചെറിയൊരു കയറ്റമാണുള്ളത്. പണിതീർന്ന ഭാഗത്തെ റോഡ് ടാർ ചെയ്യാതെ വിട്ടത് കാരണം കല്ലുകൾ ചിതറിക്കിടക്കുകയും കുഴികൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിപടലം നിറയുകയാണ് ഇവിടെ.
നാട്ടുകാർക്ക് നടന്നുപോകുന്നതിന് പോലും റോഡിലെ ചിതറിക്കിടക്കുന്ന കല്ലുകൾ തടസ്സമാണ്. വ്യാപാര സ്ഥാപനങ്ങളിൽ വിൽപനക്കുവെച്ച വസ്തുക്കൾക്ക് കേടുപാടുകൾ ഉണ്ടാവുകയും ചെയ്യുന്നതായി വ്യാപാരികളും പറയുന്നു. വിഷയം നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. എന്നാൽ ഒരു നടപടിയും സ്വീകരിക്കാതെ അനാസ്ഥ തുടരുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കഴിഞ്ഞ ജൂൺ മാസം എടക്കാട് ട്രാഫിക് ജാഗ്രത സമിതി യോഗം ചേർന്ന് വിഷയത്തിൽ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. കാലവർഷം കഴിഞ്ഞ ഉടനെ റോഡുകൾ റീ ടാറിങ്ങ് നടത്തി ഗതാഗതം സുഖമമാക്കുമെന്ന ഉറപ്പ് നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താനാരുങ്ങുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.