മരണപ്പാച്ചിൽ തുടരുമ്പോൾ...
text_fieldsകണ്ണൂർ: മഴ മാറുമ്പോഴേക്കും റോഡിൽ മരണപ്പാച്ചിൽ തുടരുകയാണ്. ജില്ലയിൽ മട്ടന്നൂരും തോട്ടടയിലും നടന്ന അപകടങ്ങളിൽ രണ്ടു പേരുടെ ജീവനാണ് ചൊവ്വാഴ്ച നിരത്തിൽ അതിദാരുണമായി പൊലിഞ്ഞത്. അമിതവേഗതയിലെത്തി ബസ് കണ്ടെയ്നർ ലോറിയിലിടിച്ച് മലക്കം മറിഞ്ഞ് കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ അഹമ്മദ് സാബിക് (28), മട്ടന്നൂരില്‍ വീടിനു മുന്നില്‍ സ്കൂള്‍ ബസില്‍ കയറാന്‍ പോകുന്നതിനിടെ കെ.എസ്.ആര്.ടി.സി ബസിടിച്ച് എളമ്പാറ കുമ്മാനത്തെ റാഹത്ത് മന്‍സില്‍ മുഹമ്മദ് റിദാന്‍ (11) എന്നിവരാണ് മരിച്ചത്.
മണിപ്പാലിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന കല്ലട ബസ് രാത്രി 12.45ന് അമിത വേഗതയിലെത്തി തോട്ടട വളവിൽ ലോറിയിലിടിച്ച് മലക്കം മറിയുകയായിരുന്നു. വളവിൽ പെട്ടെന്ന് ലോറിയെ മുന്നിൽ കണ്ടതോടെ ഡ്രൈവർ ബസ് വെട്ടിച്ചെങ്കിലും ലോറിയുടെ പിന്നിടിലിടിച്ച് റോഡിലേക്ക് മറിഞ്ഞു. മൂന്നുവട്ടം റോഡിൽ ബസ് മലക്കം മറിഞ്ഞു. അപകടത്തിന്റെ ശബ്ദവും യാത്രക്കാരുടെ നിലവിളിയും കേട്ട് നാട്ടുകാരും വ്യാപാരികളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും എമർജൻസി വാതിൽ തുറക്കാനായില്ല.
പൊലീസും അഗ്നിരക്ഷാസേനയും എത്തിയാണ് വാതിൽ പൊളിച്ച് യാത്രക്കാരെ രക്ഷിച്ചത്. സാബിക്കിന്റെ മൃതദേഹം തലയും ഉടലും വേർപെട്ട നിലയിലായിരുന്നു. രക്തത്തിൽ കുളിച്ചുനിൽക്കുന്ന യാത്രക്കാരെ കിട്ടിയ വാഹനങ്ങളിൽ ചാലയിലെയും കണ്ണൂരിലെയും സ്വകാര്യാശുപത്രികളിലേക്ക് മാറ്റി.
പരിക്കേറ്റ പയ്യന്നൂർ കോറോം സ്വദേശിനി പി. ലീന (48), പത്തനംതിട്ട അടൂർ ആഷിഖ് മൻസിലിൽ ആഷിഖ് മുഹമ്മദ് (28), അബിൻ (28), മിഥുൻ (33) എന്നിവർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കോട്ടയം വാകത്താനം വാണിയംപറമ്പിൽ ലീനു മോൾ (29), തൃശ്ശൂർ കുണ്ടൂർ ചാലമന സ്മിഷ പോൾ (43), സ്നേഹ (29), വിനായകൻ (35), ഗോവ സ്വദേശി സ്നേഹ ക്രിസ്റ്റോ (28), വൈക്കം മംഗലം സ്വദേശി ഡാലിയ അനു ചന്ദ്രോത്ത് (42), അങ്കമാലി മടത്തുംകുടി ബെന്നി ഫ്രാൻസിസ് (43), അലൻ (20), കണ്ണൂർ ശ്രേയസിൽ രേവന്ദ് (17), രാജേഷ് (39), കർണാടക ഷിമോഗ സ്വദേശി മദൻ കുമാർ (38), പയ്യന്നൂർ സ്വദേശികളായ ചന്ദ്രൻ (60), മകൾ അനിമ ചന്ദ്രൻ (18), ശരത്ത്, സാന്റി, അലീന, നീതു തുടങ്ങിയവർക്കും പരിക്കേറ്റിട്ടുണ്ട്.
അതിവേഗം, രാത്രിയോട്ടം
അമിതവേഗത്തിലാണ് ദീർഘദൂര ബസുകളടക്കം രാത്രി റോഡിലൂടെ പായുന്നത്. ചെറുവാഹനങ്ങളെ ഗൗനിക്കാറില്ല. വേഗതയുടെ കാര്യത്തിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുമെല്ലാം കണക്കാണെന്ന് യാത്രികർ പറയുന്നു. ബംഗളൂരു, തിരുവനന്തപുരം, കോട്ടയം, എറണാകുളം, മംഗളൂരു തുടങ്ങിയ ഭാഗങ്ങളിലേക്ക് നിരവധി ബസുകളാണ് രാത്രി സർവിസ് നടത്തുന്നത്. കിടന്ന് യാത്രചെയ്യാനാവുന്ന സ്ലീപ്പർ ബസുകളും ഏറെയാണ്.
മിക്ക യാത്രക്കാരും ഉറക്കിലായിരിക്കുമെന്നതിനാൽ രാത്രി അപകടങ്ങളിൽ പരിക്ക് ഗുരുതരമായിരിക്കും. തോട്ടടയിലെ അപകടത്തിലും യാത്രക്കാരുടെ പരിക്ക് സാരമുള്ളതാണ്. അപകടത്തിൽപെട്ട് മറിഞ്ഞ കല്ലട ബസിന്റെ ടയർ തേഞ്ഞുപോയ അവസ്ഥയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുള്ളവർ പറഞ്ഞു.
രാത്രി പരിശോധന പേരിന് മാത്രമായതിനാൽ ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. രാത്രി യാത്രയിൽ ഡ്രൈവർമാർ ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്നതടക്കം പരിശോധനക്ക് വിധേയമാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
തോട്ടടയിൽ നടന്ന അപകടത്തിൽ ഇടിയുടെ ആഘാതത്തിൽ ലോറി തൊട്ടടുത്ത കടയിലേക്ക് പാഞ്ഞുകയറിയാണ് നിന്നത്. തിരക്കേറിയ റോഡിൽ മലക്കം മറിഞ്ഞ ബസിനുള്ളിൽ മറ്റ് വാഹനങ്ങൾ പെടാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ബസിൽ 27 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഉമ്മയുടെ മുന്നിൽ പിടഞ്ഞ് റിദാന്‍
മട്ടന്നൂരില്‍ വീടിനു മുന്നില്‍ സ്കൂള്‍ ബസില്‍ കയറാന്‍ പോകുന്നതിനിടെ കെ.എസ്.ആര്.ടി.സി ബസിടിച്ചാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിയും എളമ്പാറ കുമ്മാനത്തെ റാഹത്ത് മന്‍സില്‍ എന്‍.പി. നൗഷീനയുടെയും പി.കെ. ഷഹീറിന്റെയും മകനുമായ മുഹമ്മദ് റിദാന്‍ (11) മരിച്ചത്. പാലോട്ടുപള്ളി വി.എം.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിദ്യാര്‍ഥിയാണ്. കുമ്മാനം ബസ് സ്റ്റോപ്പിൽ എതിർവശത്ത് നിർത്തിയ സ്കൂൾ ബസിലേക്ക് കയറുന്നതിടയിലാണ് അപകടം.
എടയന്നൂർ ഭാഗത്തുനിന്നും കുട്ടികളെ എടുത്ത് വരുമ്പോഴാണ് വീടിന് മുന്നിൽനിന്ന് സ്ഥിരമായി റിദാൻ ബസ് കയറാറുള്ളത്. ചൊവ്വാഴ്ച മദ്റസയിൽനിന്ന് നേരത്തെ എത്തിയതിനാൽ കണ്ണൂർ ഭാഗത്തേക്ക് പോകാനായി കുമ്മാനത്ത് നിർത്തിയിട്ട സ്കൂൾ ബസിൽ കയറാൻ ശ്രമിക്കവെയാണ് അപകടം.
ഉമ്മ നൗഷീനയും സമീപമുണ്ടായിരുന്നു. നിർത്തിയിട്ട ബസിനെ മറികടന്നെത്തിയ കെ.എസ്.ആര്.ടി.സി കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. കുമ്മാനം വളവിൽ സ്ഥിരമായി അപകടം നടക്കുന്ന മേഖലയാണ്. നേരത്തെ വാഹനാപകടത്തിൽ അധ്യാപകൻ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.