സൈബർ ഉദ്യോഗസ്ഥർ ചമഞ്ഞ് 13 ലക്ഷം തട്ടിയ പ്രതികൾ അറസ്റ്റിൽ
text_fieldsകണ്ണൂർ: ഡൽഹി സൈബർ ഉദ്യോഗസ്ഥരെന്ന വ്യാജേന പള്ളിക്കുന്ന് സ്വദേശിയുടെ 12.91 ലക്ഷം തട്ടിയ കേസിലെ പ്രതികൾ അറസ്റ്റിൽ. തൃശൂർ ശാന്തിനഗർ പള്ളിവളപ്പിൽ ഹൗസിലെ ജിതിൻ ദാസ് (20), ആലപ്പുഴ സക്കറിയ വാർഡിലെ യാഫിപുരയിടം ഹൗസിലെ ഇർഫാൻ ഇഖ്ബാൽ (23) എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. എറണാകുളം ടൗണിൽനിന്നാണ് പ്രതികൾ പിടിയിലായത്.
ഇർഫാൻ ഇഖ്ബാൽ ഇവിടെ മൊബൈൽ കട നടത്തുകയാണ്. ഉപരിപഠനത്തിനായാണ് ജിതിൻ ദാസ് എറണാകുളത്ത് എത്തിയത്. തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച പ്രധാന പ്രതികളാണ് പിടിയിലായത്. മലയാളികളും ഉത്തരേന്ത്യക്കാരും ചേർന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിൽ. ഫോൺ നമ്പറും ബാങ്ക് വിവരങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് ആരോപിച്ച് ഡൽഹി സൈബർ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് പള്ളിക്കുന്ന് സ്വദേശിയായ പ്രവാസിയെ സംഘം ബന്ധപ്പെട്ടത്.
വാട്സ് ആപ്, സ്കൈപ് തുടങ്ങിയ ഓൺലൈൻ ആപ്ലിക്കേഷനിലൂടെ ബന്ധപ്പെട്ട് ആഗസ്റ്റ് ആറു മുതൽ എട്ട് വരെയുള്ള ദിവസങ്ങളിലായി 12.91 ലക്ഷം തട്ടി. ആധാർകാർഡ് ഉപയോഗിച്ച് എടുത്ത ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിനാൽ അറസ്റ്റ് തടയാനായാണ് പണം ആവശ്യപ്പെട്ടത്. പിടിയിലായ പ്രതികളിലൂടെ തട്ടിപ്പ് സംഘത്തെ മുഴുവൻ വലയിലാക്കാനാണ് പൊലീസിന്റെ ശ്രമം. കണ്ണൂര് നഗരത്തിലെ വയോധികയെ സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി ഒന്നര കോടിയിലേറെ രൂപ തട്ടിയെടുത്ത സംഭവത്തിൽ നാലു പേര് നേരത്തെ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.