വരൾച്ചയെ അതിജീവിക്കാൻ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ കർമപദ്ധതി
text_fieldsകണ്ണൂർ: വരൾച്ച നേരിടാൻ ജലസംരക്ഷണത്തിന് കർമപദ്ധതികളുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. കേരളപ്പിറവി ദിനത്തിൽ കർമപദ്ധതിക്ക് തുടക്കം കുറിച്ചു. മഴവെള്ളം പരമാവധി സംഭരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.
വരൾച്ച ഭീഷണിയുള്ള പ്രദേശങ്ങളിൽ വ്യാപകമായി മഴവെള്ള റീച്ചാർജിന് പദ്ധതികൾ നടപ്പാക്കൽ, നീർച്ചാലുകൾ ശുചീകരിക്കുക, താൽക്കാലിക തടയണകൾ നിർമിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുക. ഈ വർഷം ജില്ലയിൽ 4,500 താത്കാലിക തടയണകളും 210 സ്ഥിരം തടയണകളും നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിന് പുറമേ ആറു മാസത്തിനകം 10,000 വീടുകളിൽ കിണർ റീച്ചാർജ് സംവിധാനം ഒരുക്കും.1800 പുതിയ ഓപൺ കിണറുകൾ നിർമിക്കാനും 300 ചെറുകുളങ്ങൾ നിർമിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്.
ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 63 പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. ഹരിതകേരള മിഷന്റെ പിന്തുണയോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുക. ചെറുകിട ജലസേചന വകുപ്പ്, ഭൂഗർഭ ജലവകുപ്പ്, മണ്ണ് ജല സംരക്ഷണ വകുപ്പ് എന്നിവ കൂടി പ്രവർത്തനങ്ങളിൽ പങ്കാളികളാവും. ജലാഞ്ജലി നീരുറവ എന്ന പേരിൽ സംസ്ഥാനമാകെ തയാറാക്കിയ പദ്ധതി രേഖയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനം.
നീർത്തടാധിഷ്ഠിത വികസനത്തിനുള്ള രൂപരേഖയാണ് നീരുറവ പദ്ധതി. ജില്ലയിൽ എല്ലാ പഞ്ചായത്തുകളും നീരുറവ പദ്ധതിരേഖ തയാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ തോടുകൾ ശുചീകരിക്കും. ആവശ്യമായ ഇടങ്ങളിലെല്ലാം താൽക്കാലിക തടയണകൾ നിർമിക്കും.
കൂടാളി ഗ്രാമപഞ്ചായത്തിലെ നാരങ്ങാട്ടുമൂല തോടിന്റ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമ അധ്യക്ഷത വഹിച്ചു. അസി. എൻജിനീയർ അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പത്മനാഭൻ, സ്ഥിരംസമിതി ചെയർമാൻമാരായ എം. വസന്ത ടീച്ചർ, പി.സി. ശ്രീകല, കെ. ദിവാകരൻ എന്നിവർ സംസാരിച്ചു. ഹരിതകേരളം ജില്ല മിഷൻ കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ സ്വാഗതവും കൂടാളി പഞ്ചായത്ത് സെക്രട്ടറി കെ.പി. സുധീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.