പയ്യാമ്പലം ബീച്ചിലെ മാലിന്യം നീക്കാൻ നടപടി
text_fieldsകണ്ണൂർ: പയ്യാമ്പലം ബീച്ചിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് പരാതികളുയർന്ന സാഹചര്യത്തിൽ മേയർ അഡ്വ. ടി.ഒ. മോഹനനും ഡി.ടി.പി.സി അധികൃതരും പ്രദേശം സന്ദർശിച്ചു.
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും ഡി.ടി.പി.സിയുമായി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു. റോഡരികിൽ സ്ഥിതി ചെയ്യുന്ന തട്ടുകടകളും മറ്റും സന്ദർശിച്ച അധികൃതർ കടയുടമകളോട് ശുചിത്വം പാലിക്കാൻ കർശന നിർദേശം നൽകി. അവധിക്കാലം തുടങ്ങാനിരിക്കെ ബീച്ചിൽ സന്ദർശക പ്രവാഹമായിരിക്കും. കഴിഞ്ഞ ദിവസം കുട്ടികളുടെ പാർക്കും തുറന്നിട്ടുണ്ട്. ഇതിനിടെ, ബീച്ചിൽ മാലിന്യം തള്ളുന്നതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.
ബീച്ചിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഇടപടണമെന്നാവശ്യപ്പെട്ട് മേയർ ജില്ല കലക്ടർ എസ്. ചന്ദ്രശേഖറിന് കത്ത് നൽകിയിരുന്നു. ഇവിടെ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന ശുചീകരണം അശാസ്ത്രീയമാണെന്നും മേയർ കത്തിൽ വിമർശിച്ചിരുന്നു. മാലിന്യം വേർതിരിച്ച് നൽകുകയാണെങ്കിൽ ഏറ്റെടുത്ത് സംസ്കരിക്കാൻ കോർപറേഷന്‍റെ ഭാഗത്തുനിന്ന് സഹായം നൽകുമെന്നും മേയർ കത്തിൽ സൂചിപ്പിരുന്നു.
ഇതിനുപിന്നാലെയാണ് മേയർ ഡി.ടി.പി.സി അധികൃതരുമൊത്ത് ബീച്ച് സന്ദർശിച്ചത്. ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം.പി. രാജേഷ്, സിയാദ് തങ്ങൾ, കൗൺസിലർമാരായ പി.വി. ജയസൂര്യൻ, കെ.പി. അനിത, ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കുമാർ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.