എ.ഡി.എമ്മിന്റെ മരണം; പ്രതിഷേധമൊഴിയാതെ കണ്ണൂർ
text_fieldsകണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബു ആത്മഹത്യ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും ജില്ലയിൽ പ്രതിഷേധം തുടരുന്നു. കേസിൽ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തപ്പെട്ട ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ല ആസ്ഥാനത്ത് തിങ്കളാഴ്ചയും പ്രതിഷേധമുണ്ടായി. എ.ഡി.എമ്മിന്റെ മരണത്തിന് ശേഷം ആദ്യമായി ചേർന്ന ജില്ല പഞ്ചായത്ത് യോഗം പ്രതിപക്ഷ ബഹളത്തിലായി. പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും പഞ്ചായത്ത് അംഗത്വം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്.
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ ജലപീരങ്കി പ്രയോഗിക്കാൻ ശ്രമിച്ചു. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വനിത ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധകൂട്ടായ്മ നടത്തി.
ജില്ല പഞ്ചായത്ത് യോഗത്തിൽ ബഹളം
കണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണത്തിന് ശേഷം ആദ്യമായി ചേർന്ന ജില്ല പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യുക, പഞ്ചായത്ത് അംഗത്വം ഒഴിവാക്കുക, അഴിമതി ആരോപണങ്ങൾ അന്വേഷിക്കുക എന്നീ ആവശ്യങ്ങളുമായി പ്രമേയം അവതരിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് തോമസ് വെക്കത്താനം മുന്നോട്ടുവന്നതോടെയാണ് പ്രതിഷേധമുയർന്നത്.
പ്രമേയത്തിന് ഒരാഴ്ച മുമ്പ് നോട്ടീസ് നൽകണമെന്ന് പറഞ്ഞ് യോഗത്തിൽ അധ്യക്ഷത വഹിച്ച വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അനുമതി നിഷേധിച്ചു. ഇതോടെ യു.ഡി.എഫ് അംഗങ്ങൾ അധ്യക്ഷന്റെ ഇരിപ്പിടത്തിനടുത്തെത്തി പ്രതിഷേധിച്ചു. തോമസ് വെക്കത്താനം, എൻ.പി. ശ്രീധരൻ, ലിസി ജോസഫ്, ജൂബിലി ചാക്കോ, ടി.സി. പ്രിയ, എസ്.കെ. ആബിദ, ടി. താഹിറ എന്നിവർ ചേർന്ന് സഭാധ്യക്ഷന്റെ മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു.
ബി.ജെ.പി മാർച്ചിൽ സംഘർഷം; ജലപീരങ്കി
കണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിന് ഉത്തരവാദിയായ പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ല സംയുക്ത മോർച്ചകളുടെ നേതൃത്വത്തിൽ പൊലീസ് കമീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. തിങ്കളാഴ്ച രാവിലെ 11 ഓടെ പ്രകടനമായെത്തിയ പ്രവർത്തകരെ ജില്ല പഞ്ചായത്ത് ഓഫിസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി മാർച്ച് തടഞ്ഞു.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉദ്ഘാടനത്തിനു ശേഷം വീണ്ടും പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ജലപീരങ്കി പ്രവർത്തിക്കാൻ ശ്രമിച്ചെങ്കിലും യന്ത്രം തകരാറിലായിരുന്നു. ഇതോടെ കൂടുതൽ പ്രവർത്തകരെത്തി ബാരിക്കേഡ് മറിച്ചിടാനൊരുങ്ങി. കൂടുതൽ പൊലീസുകാരും സ്ഥലത്തെത്തി പ്രതിരോധം തീർത്തു. ഇതിനു പിന്നാലെ പ്രകടനമായി പിന്തിരിഞ്ഞുപോയ പ്രവർത്തകർ താവക്കര ജങ്ഷനിൽ റോഡ് ഉപരോധിച്ചു. അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഏറെനേരം ഉന്തും തള്ളുമുണ്ടായി. ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ പൊലീസ് വാഹനത്തിൽ കയറ്റിയത്.
ഇതിനിടെ പൊലീസ് ജീപ്പ് പ്രവര്‍ത്തകര്‍ തടയുകയും താക്കോല്‍ ഊരി മാറ്റുകയും ചെയ്തു. വീണ്ടും സംഘടിച്ചെത്തിയ പ്രവർത്തകർ അറസ്റ്റിലായവരെ വിട്ടുനൽകാനായി ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പ്രവർത്തകരെയും നേതാക്കളെയും ജാമ്യത്തിൽ വിട്ടയച്ചതോടെയാണ് സംഘർഷമൊഴിഞ്ഞത്. ബി.ജെ.പി പ്രതിഷേധത്തെ തുടർന്ന് രണ്ടുമണിക്കൂറിലേറെ ജില്ല പഞ്ചായത്ത് ഓഫിസിന് മുന്നിൽ ഗതാഗതം സ്തംഭിച്ചു. മാർച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം സി. രഘുനാഥ്, സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ് എന്നിവര്‍ സംസാരിച്ചു. വിജയന് വട്ടിപ്രം സ്വാഗതവും അരുണ്‍ തോമസ് നന്ദിയും പറഞ്ഞു.
വനിതാ ലീഗ് പ്രതിഷേധ കൂട്ടായ്മ
കണ്ണൂർ: പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ ലീഗ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി. സീനത്ത് അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽകരീം ചേലേരി, വനിതാലീഗ് സംസ്ഥാന സെക്രട്ടറി പി. സാജിത എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പി. സഫിയ, റോഷ്നി ഖാലിദ്, ഷമീമ ജമാൽ, സക്കീന തെക്കയിൽ, ഉഷാകുമാരി, കെ. വേലായുധൻ, ഫാരിഷ തുടങ്ങിയവർ സംസാരിച്ചു.
"സെനറ്റില്‍നിന്ന് പുറത്താക്കണം'
കണ്ണൂർ: ജില്ല പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി. ദിവ്യയെ കണ്ണൂർ സർവകലാശാല സെനറ്റ് മെംബർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി സെനറ്റ് അംഗങ്ങളായ ടി.കെ. ഹസീബ്, ടി.പി. ഫർഹാന എന്നിവർ ഗവര്‍ണര്‍ക്ക് പരാതി നൽകി. സമരപരിപടികളായും നിയമ നടപടിയായും എം.എസ്.എഫ് മുന്നോട്ട് പോകുമെന്നും ജില്ല പ്രസിഡന്റ് നസീർ പുറത്തീൽ, ജനറൽ സെക്രട്ടറി കെ.പി. റംഷാദ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.