മുഹമ്മദിനൊപ്പം അഫ്രയും ഇനി പൂമ്പാറ്റയാവും
text_fieldsകണ്ണൂർ: കുഞ്ഞനിയൻ മുഹമ്മദിനൊപ്പം തൊടിയിലിറങ്ങാനും പുറംകാഴ്ചകൾ കണ്ടുനടക്കാനുമെല്ലാം അഫ്രക്ക് ഇഷ്ടമാണ്. പക്ഷേ, പഴയ വീൽചെയറിലിരുന്ന് അതൊന്നും നടക്കില്ല. സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അപൂർവരോഗം സമ്മാനിച്ച തെൻറ വേദനകളെല്ലാം മറന്ന്, അതേ അവസ്ഥയിലായ അനുജനുവേണ്ടി മലയാളിയുടെ നന്മക്കായി കൈകൂപ്പിയ അഫ്രയുടെ മനസ്സുനിറയെ അവനോടുള്ള സ്നേഹമായിരുന്നു.അതുകൊണ്ടുതന്നെയാണ് മുഹമ്മദിനെ കാണാൻ മാട്ടൂലിലെ വീട്ടിലെത്തിയ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ മോൾക്കെന്താ വേണ്ടതെന്ന് ചോദിച്ചപ്പോഴും, അഫ്രയുടെ മറുപടി അനിയനെന്തെങ്കിലും കൊടുത്താൽ മതിയെന്നായത്.
മുറ്റത്തിറങ്ങാനും നാടു കാണാനും അവൾക്ക് കൊതിയുണ്ടെന്ന് മനസ്സിലാക്കിയ പി.പി. ദിവ്യ പുതിയ വീൽചെയർ സമ്മാനിക്കാമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്. വികലാംഗ കോർപറേഷൻ എം.ഡിയെ വിളിച്ച്, അഫ്രയുടെ ശരീരത്തിന് യോജിച്ച ഇലക്ടോണിക് വീൽചെയർ നിർമിക്കാനാവശ്യമായ നിർദേശം നൽകിക്കഴിഞ്ഞു. ജില്ല പഞ്ചായത്ത് ഇതിനാവശ്യമായ ഫണ്ട് വകയിരുത്തും. അഞ്ച് വർഷം മുമ്പ് ലഭിച്ച ഇലക്ട്രോണിക് വീൽചെയർ ഉണ്ടെങ്കിലും അതിൽ അഫ്രക്ക് ഇരിക്കാൻ പ്രയാസമാണ്. കാലപ്പഴക്കത്താൽ വീൽചെയറിെൻറ പലഭാഗങ്ങളും പ്രവർത്തിക്കുന്നുമില്ല. ഈ അവസരത്തിലാണ് ജില്ല പഞ്ചായത്തിെൻറ സഹായഹസ്തം.
ഏറെനാളത്തെ ചികിത്സക്കുശേഷം നാലാമത്തെ വയസ്സിലാണ് അഫ്രക്ക് സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു. ചക്രക്കസേരയിൽ അനങ്ങാൻ പോലും പ്രയാസത്തിൽ കഴിയവേ തെൻറ കുഞ്ഞനുജനും ഈ അവസ്ഥ വന്നതോടെ അതീവ സങ്കടത്തിലായിരുന്നു അവൾ. ലോകത്തിലെ വിലയേറിയ മരുന്നുനൽകിയാൽ അവൻ രക്ഷപ്പെടുമെന്നറിഞ്ഞതോടെ മുഹമ്മദിനായി അഫ്രയും മലയാളികളോട് സഹായമഭ്യർഥിച്ചു. ആറ് ദിവസങ്ങൾക്കുള്ളിലാണ് മരുന്നിനാവശ്യമായ 18 കോടി അക്കൗണ്ടിലെത്തിയത്. മുഹമ്മദിെൻറ ചികിത്സക്ക് വഴിതെളിഞ്ഞതിനൊപ്പം തനിക്ക് പുതിയ വീൽചെയർകൂടി ലഭിക്കുന്നതിെൻറ ആഹ്ലാദത്തിലാണ് അഫ്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.