നഗരത്തിൽ ആഫ്രിക്കൻ ഒച്ചുഭീഷണി
text_fieldsകണ്ണൂർ: നഗരത്തിലും പരിസര പ്രദേശങ്ങളിലും ആഫ്രിക്കൻ ഒച്ച് ഭീഷണി രൂക്ഷം. കണ്ണൂർ കോർപറേഷൻ പരിധിയിൽ പഴയ ബസ്സ്റ്റാൻഡ്, പയ്യാമ്പലം, സ്നേഹനിലയം റോഡ്, റെഡ് ക്രോസ് റോഡ്, ഹാൻവീവ് റോഡ് എന്നിവിടങ്ങളിലാണ് ആഫ്രിക്കൻ ഒച്ചുകളെ കൂട്ടമായി കണ്ടത്. പഴയ ബസ്സ്റ്റാൻഡിലെ റെയിൽവേ അടിപ്പാതയോട് ചേർന്നുള്ള മതിലിൽ നിറയെ ഒച്ചുകളാണ്.
ഇവിടെ പതിച്ചിരിക്കുന്ന പരസ്യ പോസ്റ്ററുകളും ബോർഡുകളും തിന്നുതീർത്തു. സിനിമ പോസ്റ്റർ ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശയിൽ ആകൃഷ്ടരായാണ് ഒച്ചുകൾ ഇവിടെ കൂട്ടമായി എത്തിയതെന്നാണ് കരുതുന്നത്. പയ്യാമ്പലത്തും സ്നേഹനിലയം റോഡിലുമൊക്കെയായിരുന്നു ആദ്യം ശല്യമുണ്ടായിരുന്നത്. ഇത് പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.
ഗ്രാമ- നഗര വ്യത്യാസമില്ലാതെ വ്യാപകമാകുന്ന ഒച്ചുകൾ മനുഷ്യർക്കും കാർഷിക വിളകൾക്കും ഒരുപോലെ ഭീഷണിയാണ്. ഒച്ചിനെ അബദ്ധവശാലെങ്ങാനും സ്പർശിച്ചാൽ കടുത്ത ചൊറിച്ചിലും പുകച്ചിലുമാണ്. മരങ്ങൾ, വിറകുപുരകൾ, ഷെഡുകൾ, കുളിമുറികൾ ഇവിടെയെല്ലാം ഒച്ചിന്റെ താവളമായി. വാഴ അടക്കമുള്ള കാർഷിക വിളകൾ നിമിഷ നേരം കൊണ്ട് ഇവ തിന്നു തീർക്കും. ഉപ്പും കുമ്മായവും വിതറിയും പുകയില ലായനി തളിച്ചുമാണ് ഇവയെ നശിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.