വാഹനങ്ങൾക്ക് വീണ്ടും വാരിക്കുഴിയൊരുക്കി നഗരപാതകൾ
text_fieldsകണ്ണൂർ: വീണ്ടും ചരക്കുവാഹനങ്ങൾക്ക് വാരിക്കുഴിയൊരുക്കി നഗരത്തിലെ റോഡുകൾ. കഴിഞ്ഞ ദിവസം ലോറി കുഴിയിൽ താഴ്ന്ന ഒണ്ടേൻ റോഡിൽ വെള്ളിയാഴ്ചയും ആവർത്തിച്ചു. ഒണ്ടേൻ ഹോട്ടലിന് മുൻവശത്തും സമീപത്തെ പോക്കറ്റ് റോഡിലും വെള്ളിയാഴ്ച ലോറികൾ കുഴിയിൽ താഴ്ന്നു. കനത്ത മഴയിൽ തകർന്ന റോഡിലെ കുഴികൾ കരിങ്കൽ ജില്ലിയിട്ട് നികത്തുന്ന പ്രവൃത്തി വെള്ളിയാഴ്ചയും തുടർന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച രണ്ടു ലോറികൾ കൂടി കുഴിയിലാഴ്ന്നത്. ബുധനാഴ്ചയും രണ്ടു ലോറികൾ താഴ്ന്നിരുന്നു.
നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ചർച്ചയായിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ റോഡുകളാണ് മഴയിൽ പാടേ തകർന്നത്. താളിക്കാവ് റോഡാണ് ആദ്യം തകർന്നത്. പിന്നാലെ ഒണ്ടേൻ റോഡിനും ഇതേ ഗതിയായി. എസ്.എൻ പാർക്ക്, സ്വാമിമഠം റോഡ് എന്നിവിടങ്ങളിലും റോഡിൽ വിള്ളൽ വീണ് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വിമർശനങ്ങൾ ഉയർന്നതോടെയാണ് കോർപറേഷൻ എൻജിനീയറിങ് വിഭാഗം കുഴിയടക്കലിനിറങ്ങിയത്.
മഞ്ചപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റിലേക്ക് പൈപ്പിടാൻ കുഴിച്ചതിനെത്തുടർന്നാണ് റോഡുകൾ റിടാറിങ് നടത്തിയത്. സെന്റ് മൈക്കിൾസ് സ്കൂളിന് സമീപത്തുനിന്ന് ഒണ്ടേൻ റോഡ് ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നതുവരെ വലുതും ചെറുതുമായ കുഴികളാണ് റോഡിലുള്ളത്. കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ ഇരുചക്രവാഹനങ്ങൾ അപകടങ്ങളിൽപ്പെടുന്നുണ്ട്.
കനത്ത മഴ പെയ്ത ദിവസങ്ങളിൽ ർ വാഹനങ്ങർ സെന്റ് മൈക്കിൾസ് സ്കൂളിന് സമീപത്തു വെച്ച് നാട്ടുകാർ വഴിതിരിച്ചുവിട്ടും റോഡിൽ ചെടികളും മറ്റ് അപായസൂചനയും സ്ഥാപിച്ചുമാണ് അപകടങ്ങൾ ഒഴിവാക്കിയത്. റോഡ് നിർമാണത്തിൽ അഴിമതി ആരോപണമുന്നയിച്ച് കോർപറേഷനിലെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. എൽ.ഡി.എഫ് നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിനും തുടക്കമിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.