എ.ഐ കാമറ പണി തുടങ്ങി
text_fieldsകണ്ണൂർ: റോഡപകടങ്ങൾ കുറക്കാനും ഗതാഗത നിയമലംഘനങ്ങൾ തടയാനും മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) കാമറകള്‍ ജില്ലയില്‍ വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങി. ആദ്യഘട്ടത്തിൽ ഒരുമാസം പിഴയീടാക്കാതെ ബോധവത്കരണമാണ് നടത്തുക. നിയമലംഘനം സംബന്ധിച്ച വിവരം വാഹന ഉടമകളെ അറിയിക്കും. ഉച്ചക്ക് മൂന്നിന് സംസ്ഥാനതല ഉദ്ഘാടനം നടന്നെങ്കിലും ഗതാഗതനിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ ആവശ്യത്തിന് ജീവനക്കാരെത്തിയില്ല. സേഫ് കേരള പദ്ധതിയുടെ ഭാഗമായി 50 ഇടങ്ങളിലാണ് ജില്ലയിൽ കാമറകൾ സ്ഥാപിച്ചത്. മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫിസിലാണ് ഇവയുടെ കൺട്രോൾ റൂം. നിയമലംഘനങ്ങൾ കണ്ടെത്തി നോട്ടീസ് അയക്കാൻ ഇരുപതിലേറെ ജീവനക്കാരെ ആവശ്യമാണ്. അടുത്തദിവസം കെൽട്രോൺ ജീവനക്കാരെ നിയമിക്കുമെന്നാണ് വിവരം. കാമറകൾ റെക്കോർഡിങ് തുടങ്ങിയെങ്കിലും ജീവനക്കാരില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തി വാഹന ഉടമകൾക്ക് കൈമാറാനാവില്ല. നിയമലംഘനങ്ങൾ തിരുവനന്തപുരത്തെ സെൻട്രൽ കൺട്രോൾ റൂമിലാണ് ആദ്യമെത്തുക. ഇവിടെ നിന്ന് ജില്ല തല കൺട്രോൾ റൂമുകളിലേക്ക് വിവരം കൈമാറും. തുടർന്നാണ് നിയമലംഘനം നടത്തിയ വാഹന ഉടമയുടെ വിലാസത്തിൽ നോട്ടീസ് അയക്കുക.
കാമറകൾ റെക്കോർഡിങ്ങിലായതിനാൽ ജീവനക്കാർ എത്തുന്ന മുറക്ക് നിയമലംഘനങ്ങൾ കണ്ടെത്തി അറിയിക്കാനാകുമെന്നാണ് കരുതുന്നത്. എന്നാൽ, ഒരു ദിവസം തന്നെ ആയിരക്കണക്കിന് നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നോട്ടീസ് അയക്കൽ മെല്ലെപ്പോക്കിലാവും. ആവശ്യത്തിന് ജീവനക്കാർ എത്തിയില്ലെങ്കിലും നിയമലംഘനം കണ്ടെത്തലും പിഴയടക്കലുമെല്ലാം പേരിനാവും. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ കൃത്യമായി പണി തുടങ്ങുന്നതോടെ നിയമം കാറ്റിൽ പറത്തി പായുന്നവർ പിടിയിലാവും. മേയ് 19 വരെയാണ് പിഴയീടാക്കാതെ ബോധവത്കരണം നടത്തുക. അമിതവേഗം, ഹെൽമറ്റും സീറ്റ് ബെൽറ്റുമില്ലാത്ത യാത്ര, സിഗ്നൽ തെറ്റിക്കൽ, യാത്രക്കിടെ മൊബൈൽ ഉപയോഗം, അനുവദിച്ചതിലും അധികം യാത്രക്കാരെ കയറ്റൽ, അനധികൃത പാർക്കിങ് തുടങ്ങിയ നിയമലംഘനങ്ങൾ കാമറകൾ കണ്ടെത്തും.
എല്ലാം കാണുന്നുണ്ട്
ഗതാഗത നിയമലംഘനങ്ങൾ തടയാനായി ജില്ലയിൽ 50 ഇടങ്ങളിലാണ് എ.ഐ കാമറകൾ സ്ഥാപിച്ചത്. ഓരോ മാസവും കാമറകളുടെ സ്ഥാനം മാറ്റും. നിലവിൽ ക്യാമറകളുള്ള പ്രദേശങ്ങൾ ചുവടെ: കണ്ണൂർ മുനീശ്വരൻ കോവിൽ റോഡ്, കണ്ണൂർ സിറ്റി ഹോസ്പിറ്റൽ, തയ്യിൽ, തോട്ടട, മേലെചൊവ്വ (രണ്ട്), ചാലാട്, തളാപ്പ്, പുതിയതെരു, ചതുരക്കിണർ, വൻകുളത്തുവയൽ, ചക്കരക്കൽ, അഞ്ചരക്കണ്ടി, ചാലോട്, പരിമഠം, കൊടുവള്ളി ഗേറ്റ് (രണ്ട്), ഉരുവച്ചാൽ, കൂത്തുപറമ്പ്, മട്ടന്നൂർ, മട്ടന്നൂർ ഹോസ്പിറ്റൽ ജങ്ഷൻ, പയഞ്ചേരിമുക്ക്, പയഞ്ചേരി, ഇരിട്ടി (രണ്ട്), ഇരിക്കൂർ, ഉളിക്കൽ(രണ്ട്), വള്ളിത്തോട്, ശ്രീകണ്ഠപുരം, പയ്യാവൂർ, പയ്യാവൂർ ടൗൺ, കേളോത്ത്, ആലക്കോട്, ചെറുപുഴ, മന്ന, ചിറവക്ക്, മാടായിപ്പാറ, പഴയങ്ങാടി (രണ്ട്), പുതിയങ്ങാടി, മാട്ടൂൽ സൗത്ത്, മാങ്ങാട്ടുപറമ്പ്, കീരിയാട്, പയ്യന്നൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.