12 മണിക്കൂർ വൈകി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം; വലഞ്ഞ് യാത്രക്കാർ
text_fieldsകണ്ണൂർ: അര ദിവസത്തോളം വിമാനം വൈകിച്ച് യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മസ്കത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 713 വിമാനമാണ് വൈകിയത്. 12 മണിക്കൂർ വൈകി ഞായറാഴ്ച പുലർച്ച നാലുമണിക്കാണ് വിമാനം പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാർ ഭക്ഷണം പോലും ലഭിക്കാതെ വലഞ്ഞു. വൈകിയ വിമാനം എപ്പോൾ പുറപ്പെടുമെന്ന വിവരം പോലും അധികൃതർ കൃത്യമായി നൽകാതിരുന്നത് യാത്രക്കാരെ രോഷാകുലരാക്കി. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനുമായി വാഗ്വാദത്തിലേർപ്പെട്ട സ്ത്രീകളടക്കമുള്ള യാത്രക്കാരെ സി.ഐ.എസ്.എഫ് അധികൃതർ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
നാലു മണിക്ക് യാത്ര പുറപ്പെടാനായി, സുരക്ഷ പരിശോധനക്കും മറ്റുമായി മൂന്നു മണിക്കൂർ മുമ്പ് തന്നെ യാത്രക്കാർ എത്തിയിരുന്നു. എന്നാൽ, അവസാന നിമിഷമാണ് വിമാനം വൈകുമെന്ന അറിയിപ്പ് ലഭിച്ചത്. അഞ്ചു മണിക്കൂർ വൈകി രാത്രി 8.50ന് പുറപ്പെടുമെന്നായിരുന്നു ആദ്യ സന്ദേശം. ആ സമയമായപ്പോൾ 9.15ന് പുറപ്പെടുമെന്ന് അറിയിച്ചു. പിന്നീടത് വീണ്ടും നീട്ടി 11.25ന് പുറപ്പെടുമെന്ന സന്ദേശം ലഭിച്ചു. എന്നാൽ, രാത്രി 12 മണിയായിട്ടും വിമാനം വന്നില്ല.
പിന്നീട് അറിയിപ്പൊന്നും ലഭിച്ചുമില്ല. ഇതോടെ യാത്രക്കാർ ബഹളം വെച്ചു. ലഗേജ് പരിശോധനക്കിടെ ഒരു കിലോയോളം തൂക്കം കൂടിയെന്നുപറഞ്ഞ് അധികൃതർ കൊണ്ടുവന്ന വെള്ളക്കുപ്പിയും പാലും ബിസ്കറ്റും പോലും എടുക്കാൻ അനുവദിച്ചില്ലെന്ന് യാത്രക്കാർ പറഞ്ഞു. അതിനാൽ, വിശന്നുവലഞ്ഞ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ പോലും കഴിഞ്ഞില്ലെന്നും ഇവർ പരാതിപ്പെട്ടു. ഒടുവിൽ തിരുച്ചിറപ്പള്ളിയിൽ നിന്ന് വന്ന വിമാനമാണ് യാത്രക്കാരുമായി പുലർച്ച നാലുമണിക്ക് മസ്കത്തിലേക്ക് പറന്നത്. കഴിഞ്ഞ ദിവസം മസ്കത്തിൽ നിന്ന് നാട്ടിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് മാനവും ഇതുപോലെ വൈകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.