അലൻ ശുഹൈബ്: പാളിയത് എസ്.എഫ്.ഐ റാഗിങ് തിരക്കഥ
text_fieldsകണ്ണൂർ: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എൻ.ഐ.എ കോടതി തള്ളിയതോടെ പാളിയത് കണ്ണൂർ കേന്ദ്രീകരിച്ചുള്ള എസ്.എഫ്.ഐ തിരക്കഥ. ജാമ്യത്തിലിറങ്ങി കാമ്പസിൽ സജീവമായ അലനെ വീണ്ടും പൂട്ടുകയെന്ന എസ്.എഫ്.ഐ ഗൂഢാലോചനക്ക് ഏറ്റ പ്രഹരം കൂടിയാണ് കോടതി ഉത്തരവ്.
കണ്ണൂർ സർവകലാശാലയുടെ പാലയാട് കാമ്പസിൽ നടന്ന സംഭവത്തിൽ ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് പോലും കാത്തിരിക്കാതെ പൊലീസിൽ പരാതി നൽകാൻ അസാമാന്യ തിടുക്കമാണ് എസ്.എഫ്.ഐ കാണിച്ചത്.
റാഗിങ്ങിൽ അലന് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നെങ്കിലും ഈ സംഭവത്തിന്റെ ചുവടുപിടിച്ചാണ് ജാമ്യം റദ്ദാക്കാൻ എൻ.ഐ.എ കോടതിയെ സമീപിച്ചത്.
കഴിഞ്ഞ നവംബർ രണ്ടിനാണ് പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ പരാതിക്ക് ആധാരമായ സംഭവം. കാമ്പസിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ അധിൻ സുബിയെ അലൻ ശുഹൈബും സുഹൃത്തുക്കളും ചേർന്ന് മർദിച്ചുവെന്നായിരുന്നു പരാതി.
എസ്.എഫ്.ഐയുടെ പരാതിയിൽ അലനെയും രണ്ട് സുഹൃത്തുക്കളെയും ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, കാമ്പസിലെ ആന്റി റാഗിങ് സെല്ലിന്റെ റിപ്പോർട്ട് ലഭിക്കാതെ റാഗിങ് കേസെടുക്കാനാവില്ലെന്നായി പൊലീസ്.
തുടർന്നാണ് കാമ്പസ് ഡയറക്ടർ ഡോ. എം. സിനിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുകയും റാഗിങ് പരാതി വ്യാജമെന്ന് കണ്ടെത്തുകയും ചെയ്തത്. പരാതിക്കാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘർഷത്തിന് തുടക്കമിട്ടതെന്നും റിപ്പോർട്ടിൽ പരാമർശിച്ചത് എസ്.എഫ്.ഐക്കുള്ള ആദ്യ പ്രഹരമായിരുന്നു.
പന്തീരാങ്കാവ് കേസിൽ സംസ്ഥാന സർക്കാർ തുടക്കം മുതൽ സ്വീകരിച്ച നടപടിതന്നെ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയതിനു പിന്നാലെ എസ്.എഫ്.ഐ കൈക്കൊണ്ട നിലപാടും വിവാദമായിരുന്നു. റാഗിങ് ആരോപണം കെട്ടുകഥയായെങ്കിലും യു.എ.പി.എ കേസിലെ ജാമ്യവ്യവസ്ഥകള് അലന് ശുഹൈബ് ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും കാണിച്ച് കോടതിയെ സമീപിക്കാൻ ഇടയാക്കിയതിൽ പ്രധാനവിഷയമായി ഇത് മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.