മാഹി ബൈപാസ്; അഴിയൂരിൽ ടോൾ ബൂത്ത് ഒഴിവാക്കണമെന്ന് സർവകക്ഷി യോഗം
text_fieldsമാഹി: അന്തിമഘട്ടത്തിലെത്തിയ മുഴപ്പിലങ്ങാട് -മാഹി ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട അവ്യക്തത നീക്കാനും പുതുതായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വിലയിരുത്താനും ചേർന്ന സർവകക്ഷി യോഗത്തിൽ പരാതി പ്രളയം.
നിലവിലുള്ള ദേശീയപാത വികസിപ്പിക്കുമ്പോൾ കുഞ്ഞിപ്പള്ളി മുതൽ മുക്കാളി വരെ സർവിസ് റോഡില്ലെന്ന പ്രശ്നമാണ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പ്രതിനിധികളും യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. ടോൾ ബൂത്ത് സ്ഥാപിക്കുമ്പോൾ 600 മീറ്റർ ദൂരത്തിൽ സർവിസ് റോഡ് ഉണ്ടാവുകയില്ലെന്ന് അധികൃതർ അറിയിച്ചു.
സർവിസ് റോഡില്ലാത്തതിനാൽ ടോൾ റോഡിലൂടെ വാഹനങ്ങൾ പോവേണ്ടി വരും. ഇതോടെ ടോൾ ബൂത്ത് ഒഴിവാക്കണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു. സഞ്ചാര സ്വാതന്ത്ര്യമടക്കം നിഷേധിക്കുന്ന തരത്തിൽ പാത വികസനവുമായി മുന്നോട്ട് പോയാൽ നിർമാണ പ്രവൃത്തി തടയേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. റോഡിനിരുവശവുമായി വന്മതിൽ കെട്ടിപ്പൊക്കുന്നത് നൂറുകണക്കിന് കുടുംബങ്ങളുടെ യാത്രാസൗകര്യം നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടാക്കുന്ന വസ്തുത ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. അശാസ്ത്രീയ ഓവുചാൽ നിർമാണം വെള്ളപ്പൊക്കം ഉണ്ടാക്കുമെന്ന ആശങ്കയുമുയർന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളം കയറി വീടുകൾക്ക് നാശം നേരിട്ടിരുന്നു. പ്രശ്നം ചർച്ച ചെയ്യാൻ അടുത്ത ദിവസം സ്ഥലം സന്ദർശിക്കുമെന്ന് ദേശീയപാത അതോറിറ്റി എൻജിനീയർ മുഹമ്മദ് ഷെഫിൻ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അരുൺ കുമാർ, വൈസ് പ്രസിഡൻറ് തോട്ടത്തിൽ ശശിധരൻ, പ്രമോദ് മാട്ടാണ്ടി, പി. ബാബുരാജ്, സുകുമാരൻ കല്ലറോത്ത്, പി.കെ. കാസിം, പ്രദീപ് ചോമ്പാല, പി.വി. സുബീഷ്, കെ.എ. സുരേന്ദ്രൻ, സാലിം പുനത്തിൽ, മുബാസ് കല്ലേരി, കെ.പി. വിജയൻ, പാമ്പള്ളി ബാലകൃഷ്ണൻ, ശ്രീജേഷ് കുമാർ, കെ. ലീല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.