നഗരത്തിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി 10നകം
text_fieldsകണ്ണൂർ: നഗരത്തിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണികൾ ജൂൺ 10നകം പൂർത്തിയാക്കുമെന്ന് കണ്ണൂർ കോർപറേഷൻ ഹൈകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. നഗരത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച മുഴുവൻ റോഡുകളുടെയും അറ്റകുറ്റ പണികളും റീ ടാറിങ് പ്രവൃത്തിയുമാണ് പൂർത്തിയാക്കുക.
നഗരത്തിലെ വെട്ടിപ്പൊളിച്ച റോഡുകൾ റീ ടാറിങ് നടത്തുന്നതിൽ കോർപറേഷന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസത്തിലും അനാസ്ഥയിലും നടപടി ആവശ്യപ്പെട്ടു. കണ്ണൂർ ജില്ല മർച്ചന്റ്സ് ചേംബർ പ്രസിഡന്റ് വി. മുഹമ്മദ് അഷ്റഫ്, ജനറൽ സെക്രട്ടറി കെ. സാജിദ് എന്നിവർ ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹരജി പരിഗണിക്കവെയാണ് കോർപറേഷൻ പുതിയ പ്രവർത്തന റിപ്പോർട്ടും സത്യവാങ്മൂലവും സമർപ്പിച്ചത്.
നഗരത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ റോഡ് വെട്ടി പൊളിച്ചതും പൊടിശല്യവും യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ ബാധിച്ചിരുന്നു. ഇതിനെതിരെ നഗരത്തിൽ പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു.
ജസ്റ്റിസ് അനു ശിവരാമൻ ആണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ തവണ ഹൈകോടതി കേസ് പരിഗണിച്ചപ്പോൾ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർക്കാൻ കോർപറേഷൻ ഇതു വരെ സ്വീകരിച്ച പ്രവൃത്തികളുടെ പൂർണ റിപ്പോർട്ട് കഴിഞ്ഞദിവസം സമർപ്പിക്കണമെന്നു ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് കോർപറേഷൻ അഡ്വ. മീന ജോൺ പുതിയ സത്യവാങ് മൂലം സമർപ്പിച്ചത്.
നഗരത്തിലെ 39 റോഡുകളിൽ 34 റോഡുകളിലാണ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടന്നത്. അഞ്ചു റോഡുകളിൽ പണി നടന്നിരുന്നില്ല. അവശേഷിക്കുന്ന 34 റോഡുകളിൽ 23 റോഡുകളുടെ അറ്റകുറ്റപ്പണികളും റീ ടാറിങ് പ്രവൃത്തിയും പൂർണമായും പൂർത്തിയായി. ബാക്കി 11 റോഡുകളിൽ മാർക്കറ്റ് റോഡ്, ബാങ്ക് റോഡ്, എം.എ റോഡ്, എന്നിവ ഇക്കഴിഞ്ഞ 23 നു ഭാഗികമായി പൂർത്തിയാക്കി.
ഹാജി റോഡ്, ബാങ്ക് റോഡ്, ഉൾപ്പെടെയുള്ള റോഡ് നമ്പർ 10, 13, 19, 30, 34, എന്നിവയുടെ റീ ടാറിങ് ജൂൺ 10നകം പൂർത്തിയാക്കും. ആറാട്ട് റോഡ്, ആറാട്ട് സബ് റോഡ്, എന്നിവ വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകൾ സ്ഥാപിച്ച ഉടൻ റീ ടാറിങ് നടത്തും.
റീടാറിങ് പ്രവൃത്തി പൂർത്തിയാക്കാൻ കോർപറേഷനു കൂടുതൽ സമയം അനുവദിക്കേണ്ടതുണ്ട്. മറ്റു സാങ്കേതിക തടസ്സങ്ങൾ ഇല്ലെങ്കിൽ റോഡുകളുടെ അറ്റകുറ്റ പണികൾ യഥാസമയം പൂർത്തിയാക്കുമെന്നു കോർപറേഷൻ ഹൈക്കോടതിയിൽ ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.