96 ഉം 86 ഉം; കോവിഡിനെ തോൽപ്പിച്ച് ആമിനുമ്മയും ആസിയയും
text_fieldsകണ്ണൂർ: 'സര്‍ക്കാറിനും ആരോഗ്യ വകുപ്പിനും ബിഗ് സല്യൂട്ട്!'... കോവിഡിനെ തോല്പിച്ച് വീട്ടിലേക്കു മടങ്ങാനൊരുങ്ങുന്ന 96 കാരി ആമിനുമ്മയുടെ മകന് അക്ബര്‍ അലിയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. തയ്യില്‍ സ്വദേശിനി പുതിയ പുരയില്‍ ആമിനുമ്മ ജൂലൈ 25നാണ് കോവിഡ് ബാധിച്ച് അഞ്ചരക്കണ്ടി ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്നത്.
കല്യാണ വീട്ടില്‍നിന്നും രോഗവുമായെത്തിയ മകളില്‍ നിന്നാണ് ആമിനുമ്മക്ക് കോവിഡ് ബാധിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ആശങ്ക ഉണ്ടായിരുന്നെങ്കിലും അവിടെ എത്തിയപ്പോള്‍ എല്ലാം അസ്ഥാനത്തായെന്നും കോവിഡ് സെൻററില്‍ നിന്നും ലഭിച്ച കരുതലും സ്നേഹവും വാക്കുകള്‍ക്കപ്പുറത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉമ്മക്ക് രക്തസമ്മര്‍ദം ഉണ്ട്. കാലിന് വയ്യായ്കയും കേള്‍വിക്കുറവും ഉണ്ട്.
പക്ഷേ, ഉമ്മയുടെ കാര്യങ്ങള്‍ക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും ഒരു കുറവും വരുത്തിയില്ല. പരിശോധന ഫലം നെഗറ്റിവായതോടെ ഉമ്മ ഏറെ സന്തോഷത്തിലാണെന്നും ഇദ്ദേഹം പറഞ്ഞു. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലെ നോഡല്‍ ഓഫിസര്‍ ഡോ. അജിത്ത് കുമാറിെൻറ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല. ആമിനുമ്മക്ക് കോവിഡ് വാര്‍ഡില്‍ കൂട്ടായി കിട്ടിയ ആസിയയുടെയും ഫലം കൂടി നെഗറ്റിവായതോടെ ഇവരുടെ സന്തോഷത്തിന് ഇരട്ടി മധുരം.
ഇരിക്കൂര്‍ പെടേണ്ടോട് സ്വദേശി ആസിയക്ക് വയസ്സ് 86. പ്രമേഹവും രക്തസമ്മര്‍ദവുമൊക്കെ പ്രശ്നക്കാരായെങ്കിലും അതിലും വലിയ വില്ലനെ കീഴടക്കിയ സന്തോഷമായിരുന്നു ഈ ഉമ്മക്കും. തിരികെ വീട്ടിലേക്കു പോകുമ്പോള്‍ സ്നേഹവും സാന്ത്വനവും നല്കിയ കുറെ കരങ്ങളാണ് ഇവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.