അമൃത് ഭാരത്; വികസന ചൂളംവിളി കാത്ത് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ
text_fieldsഉന്നതതല സംഘം സന്ദർശിച്ചു
പയ്യന്നൂർ: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന്റെ ഭാഗമാവാൻ പയ്യന്നൂർ സ്റ്റേഷനും. വിവിധ വികസന പദ്ധതികളിലൂടെ സ്റ്റേഷന്റെ നിലവാരമുയർത്തുന്നതിന് അമൃത് ഭാരത് പദ്ധതിയിൽ പയ്യന്നൂർ സ്റ്റേഷനും ഇടം പിടിച്ചു. പദ്ധതിയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി റെയിൽവേ ഡിവിഷനൽ മാനേജർ യശ്പാൽ സിങ് തോമറെയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച സ്റ്റേഷൻ സന്ദർശിച്ചു.
റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘം വിശദ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന ഡിവിഷനൽ റെയിൽവേ മാനേജർ യശ്പാൽ സിങ് തോമറെയും സംഘത്തെയും പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിതയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സന്ദർശിച്ച് വിവരങ്ങൾ ധരിപ്പിച്ചു. റെയിൽവേ സ്റ്റേഷൻ വികസനം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, പാർക്കിങ് സൗകര്യം തുടങ്ങിയ വിഷയങ്ങൾ നഗരസഭ അധികൃതരുമായി ചർച്ച ചെയ്തു. ഓട്ടോ പ്രീപെയ്ഡ് ബൂത്ത് അടച്ചുപൂട്ടിയ റെയിൽവേ നടപടി പിൻവലിക്കണമെന്ന ആവശ്യവും നഗരസഭ അധികൃതർ ഉന്നയിച്ചു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ ടി. വിശ്വനാഥൻ, ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഉത്തരകേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽ ഒന്നാണ് പയ്യന്നൂർ.
ഏഴിമല നാവിക അക്കാദമി, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, കണ്ണൂർ ഗവ.ആയുർവേദ കോളജ്, പെരിങ്ങോം സി.ആർ.പി.എഫ് ക്യാമ്പ്, കണ്ണൂർ സർവകലാശാല കാമ്പസ്, സംസ്കൃത സർവകലാശാല കേന്ദ്രം തുടങ്ങി നിരവധി സ്ഥാപനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ.
എന്നാൽ, സ്റ്റേഷൻ എന്നും അവഗണനയുടെ ട്രാക്കിലാണ് സഞ്ചരിക്കുന്നത്. റിസർവേഷൻ കൗണ്ടർ, പാർക്കിങ് കേന്ദ്രം, യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതെ കയറാനുമിറങ്ങാനുമുള്ള സൗകര്യം, എല്ലാ വണ്ടികൾക്കും സ്റ്റോപ്പ് അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് സ്റ്റേഷനിൽ അനിവാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.