കാണാതായ ഏഴ് ലക്ഷം രൂപയുടെ ഉപകരണം അജ്ഞാതൻ ആശുപത്രിയിൽ തിരികെയെത്തിച്ചു
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ അനസ്തീഷ്യ വിഭാഗത്തിൽനിന്ന് ഒന്നരമാസം മുമ്പ് കാണാതായ ഉപകരണം കണ്ടെത്തി. കാണാതായ സ്ഥലത്തുനിന്നു തന്നെയാണ് ഉപകരണം കണ്ടെത്തിയത്. ഉപകരണം അവിടെയുള്ള വിവരം ബുധനാഴ്ച വൈകീട്ട് ഏഴോടെ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഉടൻ കോളജ് ആശുപത്രിയിലെത്തിയ പൊലീസ് ഉപകരണം കസ്റ്റഡിയിലെടുത്തു.
ഒന്നര മാസം മുമ്പാണ് ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ആധുനിക ഉപകരണം കാണാതായത്. സംഭവത്തിൽ പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രെൻറ നേതൃത്വത്തിൽ പരിയാരം മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് ഉപകരണം നാടകീയമായി, നഷ്ടപ്പെട്ട സ്ഥലത്തുതന്നെ അജ്ഞാതൻ കൊണ്ടുവെച്ചത്. ഉപകരണം അവിടെയെത്തിയതെങ്ങനെയെന്ന് അന്വേഷിച്ചു കണ്ടെത്തുമെന്ന് പരിയാരം മെഡിക്കൽ കോളജ് സ്റ്റേഷൻ ഓഫിസർ കെ.വി. ബാബു പറഞ്ഞു.
ആശുപത്രികളിലെ കോവിഡ് മുൻകരുതലിെൻറ ഭാഗമായി ലോകാരോഗ്യ സംഘടന നിർദേശിച്ച 'വിഡിയോ ലാരിങ്കോസ്കോപ്പി' ഉപകരണമാണ് കഴിഞ്ഞ മാസമാദ്യം മെഡിക്കൽ കോളജിൽനിന്ന് കാണാതായത്. ഇതിന് ഏഴ് ലക്ഷത്തോളം രൂപ വിലയുണ്ട്. കാണാതായത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് അനസ്തീഷ്യ വകുപ്പ് തലവൻ ആശുപത്രി മേലധികാരികൾക്ക് പരാതി നൽകുകയും ഓഫിസിൽ നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു.
ഒരു ദിവസം കഴിഞ്ഞതിനുശേഷമാണ് ആശുപത്രി അധികൃതർ പരിയാരം പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിെടയാണ് ഉപകരണം കണ്ടെത്തിയത്. ഇത് ഏറെ ദുരൂഹതക്കിടയാക്കി. കോളജ് ആശുപത്രിയിൽനിന്ന് സമാനരീതിയിൽ പി.ജി വിദ്യാർഥിനിയുടെ 40,000 രൂപ വിലവരുന്ന ലാപ്ടോപ്പും മോഷണം പോയിരുന്നു. ഈ കേസിലെ പ്രതിയെ പൊലീസ് തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തുവെങ്കിലും ഉപകരണ മോഷ്ടാവിനെ കണ്ടെത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.