ലോക്ഡൗണിൽ ആനന്ദമയമായി 'ആനന്ദവാണി'
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാല അധ്യാപക–വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയിലെ മലയാള വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ ആരംഭിച്ച വാട്സ് ആപ് റേഡിയോ കൂട്ടായ്മ 'ആനന്ദവാണി' ശ്രദ്ധേയമാകുന്നു. കോവിഡ് കാലത്ത് വിദ്യാർഥികളിലുണ്ടാകുന്ന ഒറ്റപ്പെടലും വിരസതയുമകറ്റി സർഗാത്മകമായ രീതിയിൽ എങ്ങനെ ഈ കാലത്തെ വിനിയോഗിക്കാമെന്ന ആലോചനയുടെ ഫലമായാണ് വാട്സ് ആപ് റേഡിയോ എന്ന ആശയം രൂപപ്പെട്ടത്.
കണ്ണൂർ സർവകലാശാലക്ക് കീഴിലെ അധ്യാപക–വിദ്യാഭ്യാസ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും ഇന്ന് കേരളത്തിലെ പല കലാലയങ്ങളിലെയും വിദ്യാർഥികളും പൊതുജനങ്ങളും ഉൾപ്പെടുന്ന കൂട്ടായ്മയായി ആനന്ദവാണി മാറി. 'മാമട്ടം കുന്നോളം അറിവാനന്ദം' എന്ന ആനന്ദവാണിയുടെ ആപ്തവാക്യം പോലെ അറിവും ആനന്ദവും സമ്മേളിക്കുന്ന പരിപാടികളാണ് ആനന്ദവാണിയിൽ പ്രക്ഷേപണം ചെയ്യുന്നത്.
നിലവിൽ മൂന്ന് വാട്സ് ആപ് ഗ്രൂപ്പുകൾ ആനന്ദവാണി റേഡിയോക്കുണ്ട്. കൂടാതെ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും ആനന്ദവാണി പ്രക്ഷേപണം നടത്താറുണ്ട്. ഞായർ, വ്യാഴം ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് പ്രക്ഷേപണങ്ങളാണുള്ളത്. ഏപ്രിൽ 14ന് ആരംഭിച്ച ആനന്ദവാണി റേഡിയോ 16 പ്രക്ഷേപണങ്ങൾ പൂർത്തിയാക്കിക്കൊണ്ട് മുന്നേറുകയാണ്. മൂന്ന് പ്രധാന പംക്തികളാണ് ആനന്ദവാണിക്കുള്ളത്.
വിദ്യാർഥികളുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കുന്ന 'കലാലയം കലാമയം', സാഹിത്യ വിദ്യാർഥികളുടെ സാഹിത്യ വാസനയെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയായ 'സാഹിതി', സാഹിത്യ സാംസ്കാരിക സാമൂഹിക മേഖലകളിലെ പ്രശസ്തരായ വ്യക്തികളുമായുള്ള അഭിമുഖങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന പരിപാടിയായ 'ഗുരു' തുടങ്ങിയവയാണ് പ്രധാന പംക്തികൾ. അംബികാസുതൻ മാങ്ങാട്, വിനോയ് തോമസ്, വി.ജെ. ജെയിംസ്, ഡോ. ലിസി മാത്യു, ഡോ.എ.എം. ശ്രീധരൻ തുടങ്ങി പതിനാറോളം സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ അഭിമുഖം നടത്തിയിട്ടുണ്ട്.
കാമ്പസ് ഡയറക്ടർ ഡോ.എം.പി. അനിലിെൻറ നിർദേശമനുസരിച്ചാണ് ആനന്ദവാണി പ്രവർത്തിക്കുന്നത്. മലയാളം അസി. പ്രഫസർ കെ. സനോജും മലയാളം വിഭാഗത്തിലെ വിദ്യാർഥികളായ അഷിത, അൽഫോൻസ സുരേഷ്, നിർമൽ, ശ്രീലക്ഷ്മി ഭാസ്കരൻ, സ്വാതി, സൈമ, പ്രജീഷ, ആശ, മറ്റു വിഷയങ്ങളിലെ അധ്യാപക–വിദ്യാർഥികളായ അമൽജിത്ത്, കാവ്യ മോഹനൻ, നീതു, ചൈതന്യ, ആതിര ജോസ് എന്നിവരുമാണ് ആനന്ദവാണിയുടെ അണിയറയിലും അരങ്ങത്തും പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.