അഞ്ചരക്കണ്ടി-മട്ടന്നൂർ റോഡിൽ അപകടം പതിവായി
text_fieldsഅഞ്ചരക്കണ്ടി: അപകടങ്ങൾ പതിവായി അഞ്ചരക്കണ്ടി -മട്ടന്നൂർ വിമാനത്താവള റോഡ്. കീഴല്ലൂർ മഖാമിന് സമീപം ഞായറാഴ്ച കാർ അപകടത്തിൽപ്പെട്ടു. വിമാനത്താവളത്തിലേക്ക് പോവുന്ന മൂന്നു പേരടങ്ങുന്ന വാഹനമാണ് വൈകീട്ട് 3.30ന് അപകടത്തിൽപ്പെട്ടത്. റോഡിന്റെ കൾവർട്ട് കൈവരിയിൽ ഇടിച്ചാണ് അപകടം നടന്നത്. ആർക്കും പരിക്കില്ല.
വീതി കുറഞ്ഞതും വളവുകൾ ഏറെയുള്ളതുമായ അഞ്ചരക്കണ്ടി-മട്ടന്നൂർ റോഡിൽ അപകടങ്ങൾ പതിവാകുകയാണ്. ഒമ്പതു കിലോമീറ്റർ പരിധിയിൽ വരുന്ന അഞ്ചരക്കണ്ടി-മട്ടന്നൂർ വിമാനത്താവളറോഡിൽ എട്ടു വളവുകൾ ഉണ്ട്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കാണ് ഇത് വഴിയുള്ള യാത്ര ഏറെ പ്രയാസം സൃഷ്ടിക്കുന്നത്.
ഒരേ സമയം രണ്ട് വാഹനങ്ങൾക്കുപോലും കടന്നു പോവാൻ സാധിക്കാത്ത റോഡായതിനാൽ മിക്കപ്പോഴും യാത്രാസമയം ഏറെയാണ്. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായിട്ടും പരിഹാരം കാണാൻ അധികൃതർ തയാറാവുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വളവുകൾ നിറഞ്ഞ റോഡായതിനാൽ പുതുതായി വിമാനത്താവളങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ താഴ്ചയിലേക്കും മറ്റും മറിഞ്ഞ് അപകടത്തിൽപ്പെടാറുണ്ട്.
ഒന്നര വർഷം മുമ്പ് കീഴല്ലൂർ മഖാമിന് സമീപത്തെ റോഡിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു. റോഡിന്റെ ഇരുവശത്തുമുള്ള കൾവർട്ട് കൈവരി മിക്കപ്പോഴും വാഹനങ്ങളുടെ ശ്രദ്ധയിൽപ്പെടാറില്ല. മൈലാടി, ചെറിയവളപ്പ്, കീഴല്ലൂർ, വളയാൽ,കാര തുടങ്ങി എട്ട് സ്ഥലങ്ങളിലുള്ള വളവുകൾ ഏറെ അപകടസാധ്യതയുള്ളവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.