അഞ്ചരക്കണ്ടി-മട്ടന്നൂർ വിമാനത്താവള റോഡ്; മുഖമുദ്ര വളവുകളും വീതിക്കുറവും
text_fieldsഅഞ്ചരക്കണ്ടി: വീതി കുറഞ്ഞതും വളവുകൾ ഏറെയുള്ളതുമായ അഞ്ചരക്കണ്ടി-മട്ടന്നൂർ വിമാനത്താവള റോഡിൽ അപകടം പതിവാകുന്നു. ഒമ്പത് കി.മീ. പരിധിയിൽ വരുന്ന റോഡിൽ എട്ടോളം വളവുണ്ട്. വളവുകളിൽ ഏറെയും കാടുമൂടി റോഡിലേക്ക് തള്ളിനിൽക്കുന്നതിനാൽ എതിരെവരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയുമാണ്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കാണ് ഇതുവഴിയുള്ള യാത്ര ഏറെ പ്രയാസം സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസം കീഴല്ലൂർ ഡാമിനോട് ചേർന്നുള്ള വിമാനത്താവള റോഡിൽ ലോറിക്ക് പിറകിലായി അരമണിക്കൂറോളം ആംബുലൻസ് ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. ഒരേസമയം രണ്ട് വാഹനങ്ങൾക്കുപോലും കടന്നുപോകാൻ സാധിക്കാത്ത റോഡായതിനാൽ മിക്കപ്പോഴും യാത്രക്ക് ഏറെ സമയം ചെലവഴിക്കേണ്ടിവരുന്ന അവസ്ഥയാണ്.
വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയാറാവുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വളവുകൾ നിറഞ്ഞ റോഡായതിനാൽ പുതുതായി വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങൾ താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപെടാറുണ്ട്.
മൈലാടി, ചെറിയവളപ്പ്, കീഴല്ലൂർ, വളയാൽ, കാര തുടങ്ങി എട്ടോളം സ്ഥലങ്ങളിലുള്ള വളവുകൾ ഏറെ അപകടസാധ്യത വരുത്തുന്നവയാണ്. ഇതിന് പരിഹാരമായി വിമാനത്താവളത്തിലേക്കുള്ള പുതിയ റോഡിന്റെ പ്രവൃത്തി വേഗത്തിൽ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.