അഴുക്കിൽനിന്ന് അഴകിലേക്ക് അഞ്ചരക്കണ്ടിപ്പുഴ
text_fieldsകണ്ണൂർ: ജില്ല പഞ്ചായത്തിന്റെ 'അഴുക്കിൽ നിന്ന് അഴകിലേക്ക്' പദ്ധതിയുടെ ഭാഗമായി അഞ്ചരക്കണ്ടിപ്പുഴ സംരക്ഷണത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ വിശദമായ പദ്ധതിരേഖ തയാറാക്കാൻ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഡി.പി.ആർ തയാറാക്കാൻ ചുമതലയുള്ള സി.ഡബ്ല്യു.ആർ.ഡി.എം ശാസ്ത്രജ്ഞരായ ഡോ. എം. തേൻമൊഴി, ബി. വിവേക് എന്നിവർ പുഴ സന്ദർശിച്ചു.
മമ്പറം ഇന്ദിരഗാന്ധി പബ്ലിക്ക് സ്കൂൾ പാർക്കിന്റെ ബോട്ടുജെട്ടിയിൽനിന്ന് മമ്പറം പാലം വരെ സംഘം സഞ്ചരിച്ചു. അഞ്ചരക്കണ്ടിപ്പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ല മണ്ണ് സംരക്ഷണ ഓഫിസിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സഹായത്തോടെ ജില്ല പഞ്ചായത്ത് സമഗ്ര പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിരേഖ തയാറാക്കുക. നാലുവർഷത്തെ സമഗ്രപഠന -സർവേകളുടെ അടിസ്ഥാനത്തിലാണ് പുഴ കടന്നുപോകുന്ന പ്രദേശങ്ങളുടെ മാപ്പ് ഉൾപ്പെടെ വിശദമായ റിപ്പോർട്ട് തയാറാക്കിയത്. നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 5.75 കോടി ചെലവഴിച്ചാണ് ആദ്യഘട്ട പ്രവർത്തനം നടത്തുക. പുഴ കടന്നുപോകുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെ യോഗം വരും ദിവസങ്ങളിൽചേർന്ന് പുഴ സംരക്ഷണം ചർച്ച ചെയ്യും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ. സുരേഷ് ബാബു, യു.പി. ശോഭ, അംഗങ്ങളായ കെ.വി. ബിജു, ചന്ദ്രൻ കല്ലാട്ട്, കോങ്കി രവീന്ദ്രൻ, ജില്ല മണ്ണ് സംരക്ഷണ ഓഫിസർ അബ്ദുൽ സമദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.