രണ്ടിടങ്ങളിലായി നടത്തിയ കോവിഡ് പരിശോധനയിൽ വ്യത്യസ്ത ഫലം
text_fieldsഅഞ്ചരക്കണ്ടി: യുവാവിന് രണ്ടിടങ്ങളിലായി നടത്തിയ കോവിഡ് പരിശോധനയിൽ വ്യത്യസ്ത ഫലം. ഇതോടെ ഫലത്തിൽ വ്യക്തത തേടി പ്രവാസി ഗൃഹനാഥൻ കണ്ണൂർ ജില്ല മെഡിക്കൽ ഓഫിസർക്ക് പരാതി നൽകി. വേങ്ങാട് ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിലാണ് സംഭവം.
നവംബർ 29ന് 10 ദിവസത്തെ അവധിക്കായി ദുബൈയിൽ നിന്നെത്തിയ പ്രവാസി കുടുംബം ഒരാഴ്ചക്കാലം ക്വാറൻറീൻ പൂർത്തിയാക്കിയ ശേഷം കൂത്തുപറമ്പ് ഗവ. ആശുപത്രിയോടനുബന്ധിച്ചുള്ള സ്രവ പരിശോധന കേന്ദ്രത്തിൽ കോവിഡ് പരിശോധനക്ക് വിധേയരായി. ആർ.ടി.പി.സി.ആർ ടെസ്റ്റാണ് ആവശ്യപ്പെട്ടതെങ്കിലും ആൻറിജൻ പരിശോധന നടത്തി. നാലുപേരിൽ മൂന്ന് പേരുടേത് നെഗറ്റിവും ഒരാളുടേത് പോസിറ്റിവുമാണെന്ന് ഒരു മണിക്കൂറിനകം വിളിച്ചറിയിക്കുകയായിരുന്നു.
ലക്ഷണമൊന്നും ഇല്ലാതിരിക്കുകയും വിദേശത്തുനിന്ന് പരിശോധന കഴിഞ്ഞതിനാലും ഫലത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ഉടൻ തന്നെ തെൻറ വാഹനത്തിൽ പുതിയതെരുവിലുള്ള ഗവ. അംഗീകൃത സ്വകാര്യ ലാബിലെത്തി പരിശോധന നടത്തുകയായിരുന്നു. ആൻറിജൻ, ആർ.ടി.പി.സി.ആർ ഉൾപ്പെടെ നടത്തിയതിൽ രണ്ടും നെഗറ്റിവായി. ആദ്യ സ്വാബ് പരിശോധന നടന്നത് സർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലായതിനാൽ ജില്ല കൊറോണ സെൻററിൽ നിന്നും മറ്റും നിരന്തരം വിളിച്ച് പുറത്തിറങ്ങരുതെന്നും നിർദേശം ലംഘിച്ച് പുറത്തിറങ്ങുകയാണെങ്കിൽ വീട് സീൽ ചെയ്യുമെന്നും പറയുന്നതായി വീട്ടുടമ വ്യക്തമാക്കി.
അത്യാവശ്യ കാര്യത്തിനായി ഏതാനും ദിവസത്തെ അവധിക്കെത്തിയ കുടുംബം ഇതോടെ പ്രയാസത്തിലായി. വീട്ടിൽ തന്നെ കഴിയാനാണ് ആരോഗ്യ വകുപ്പും നിർദേശിച്ചത്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ജില്ല മെഡിക്കൽ ഓഫിസർക്ക് ഗൃഹനാഥൻ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.