ടൂറിസം സാധ്യതകളറിയാൻ അഞ്ചരക്കണ്ടി പുഴയിൽ തുഴയെറിഞ്ഞ് മന്ത്രി റിയാസ്
text_fieldsകണ്ണൂർ: കയാക്കിങ് ഉൾപ്പെടെയുള്ള സാധ്യതകളെ ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നേരിട്ട് മനസ്സിലാക്കാൻ അഞ്ചരക്കണ്ടി പുഴയിലൂടെ റാഫ്റ്റിങ്ങും കയാക്കിങ്ങും നടത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പുഴയുടെ സാധ്യത ഉപയോഗപ്പെടുത്താൻ ടൂറിസം വകുപ്പ് പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. പിണറായി പാറപ്രം മുതല്‍ കാളി പടന്നക്കര പാര്‍ക്ക് വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരമാണ് മന്ത്രി പുഴയുടെയും കണ്ടല്‍ക്കാടുകളുടെയും സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്തത്. ഭാര്യ വീണയോടൊപ്പമായിരുന്നു മന്ത്രിയുടെ പുഴയാത്ര.
കോവിഡ് കാലത്ത് കുടുംബ സമേതം ആസ്വദിക്കാന്‍ പറ്റിയ വിനോദങ്ങളിലൊന്നാണ് ജല ടൂറിസമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിെല നദികളുടെ സൗന്ദര്യവും സൗകര്യവും ഉപയോഗപ്പെടുത്താനും അവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനുമുള്ള കാര്യമായ ശ്രമങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നത് ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്.
സൗകര്യവും സുരക്ഷാ സംവിധാനങ്ങളുമൊരുക്കിയാല് ജല സാഹസിക ടൂറിസത്തിന് വലിയ സാധ്യതകളാണ് നദികളാല്‍ സമ്പന്നമായ കേരളത്തിലുള്ളത്. നദികളെ കോര്‍ത്തിണക്കി സാഹസിക ടൂറിസം സര്‍ക്യൂട്ട് പരിഗണിക്കും. ഇതിന് അടിസ്ഥാന സൗകര്യമൊരുക്കും.
ഉത്തര മലബാറില്‍ പുരോഗമിക്കുന്ന റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുമായി സാഹസിക ടൂറിസത്തെ ബന്ധിപ്പിക്കാനായാല്‍ ഇവിടേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി കെ.സി. ശ്രീനിവാസനും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.