മർദനമേറ്റ സ്കൂൾ ബസ് ഡ്രൈവർ മരിച്ചു; മൂന്ന് പേർ റിമാൻഡിൽ
text_fieldsഅഞ്ചരക്കണ്ടി: ഓടത്തിൽപീടികയിൽ ക്രൂര മർദനത്തിനിരയായി ചികിത്സയിലായിരുന്ന സ്കൂൾ ബസ് ഡ്രൈവർ മരിച്ചു. അഞ്ചരക്കണ്ടി സ്കൂൾ ബസ് ഡ്രൈവർ ഓടത്തിൽപീടികയിലെ മഠത്തിൽ ഷിജുവാണ് (36) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് സ്കൂൾ ബസ് പരിശോധിക്കാൻ പോയപ്പോഴാണ് ഗ്രൗണ്ടിൽ െവച്ച് മാരകായുധങ്ങളുമായി മൂന്നംഗ സംഘം മർദിച്ചത്. നേരത്തെ ഉണ്ടായിരുന്ന വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് സൂചന.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഓടത്തിൽപീടികയിലെ അനൂപ് (42), ഷാജി (41), പ്രജിത്ത് (31) എന്നിവർ റിമാൻഡിലാണുള്ളത്. മർദനമേറ്റയുടൻ ഷിജുവിനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞും സ്ഥിതി ഗുരുതരമായി തുടർന്നതോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ന്യൂറോ സർജറിക്ക് വിധേയമാക്കിയെങ്കിലും നില അതിഗുരുതരമായി തുടരുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ച ഒന്നരയോടെ മരിച്ചു. മൃതദേഹം ചക്കരക്കല്ല് പൊലീസിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ഒരു മണിക്ക് ഓടത്തിൽപീടികയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ച രണ്ടിന് പയ്യാമ്പലത്ത് സംസ്കരിക്കും. കുനിയിൽ മുകുന്ദൻ –പരേതയായ മഠത്തിൽ സാവിത്രി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ശ്രീജ, ഷൈജ, ഷാജി, ശ്രീഷ്മ, ഷിജിൽ, മിനി, പരേതയായ റോജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.