മാർഡോക്ക് ബ്രൗൺ സായിപ്പ് സ്ഥാപിച്ച രജിസ്ട്രാർ ഓഫിസിൽ പേരമക്കളെത്തി
text_fieldsഅഞ്ചരക്കണ്ടി: മുത്തച്ഛൻ സ്ഥാപിച്ച രജിസ്ട്രാർ ഓഫിസ് നേരിൽ കാണാൻ പേരമക്കളും സംഘവുമെത്തി. ഏഷ്യയിലെ ആദ്യത്തെ രജിസ്ട്രാഫിസായി ചരിത്രത്താളുകളിൽ ഇടംപിടിച്ച അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ ഓഫിസ് സന്ദർശിക്കാനാണ് മാർഡോക്ക് ബ്രൗൺ സായിപ്പിന്റെ നാലാം തലമുറയിൽപ്പെട്ട പേരമക്കൾ എത്തിയത്. 1865 ഫെബ്രുവരി ഒന്നിന് മാർഡോക്ക് ബ്രൗൺ സായിപ്പാണ് അഞ്ചരക്കണ്ടിയിലെ രജിസ്ട്രാർ ഓഫിസ് സ്ഥാപിച്ചത്.
1870ലാണ് ആദ്യ രജിസ്ട്രേഷൻ നടന്നത്. മാർഡോക്ക് ബ്രൗൺ പ്രഭു തന്നെയാണ് ആദ്യത്തെ ഡെപ്യൂട്ടി രജിസ്ട്രാറായി നിയമിതനായത്. അദ്ദേഹം ദാനം നൽകിയ ഭൂമിയിൽ 1877ലാണ് പുതിയ കെട്ടിടം പണിത് പ്രവർത്തനം ആരംഭിച്ചത്. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് താലൂക്കുകളിലുള്ള ആറു വില്ലേജ് ഓഫിസുകൾ ഉൾപ്പെടുന്നതാണ് അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ ഓഫിസ്. ഒന്നരപതിറ്റാണ്ടിന്റെ പാരമ്പര്യം വിളിച്ചോതുന്ന ഓഫിസിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണുന്നതിനാണ് ബ്രൗൺ സായിപ്പിന്റെ ഇളം തലമുറ എത്തിയത്.
വ്യാഴാഴ്ച വൈകീട്ട് 3.15ഓടെ ബ്രൗൺ സായിപ്പിന്റെ നാലാമത്തെ തലമുറയിലുള്ള പേരമകൻ പോൾ ബ്രൗൺ, ഭാര്യ ഷേൾ, മകൾ എലീനറും അടങ്ങുന്ന സംഘമാണ് എത്തിയത്. അരമണിക്കൂറോളം ഓഫിസിൽ ചെലവഴിച്ചു. ഡൗൺ സായിപ്പിന്റെ കാലങ്ങളിലുള്ള രേഖകൾ, പണം സൂക്ഷിക്കുന്ന ഭൂഗർഭ അറകൾ, ഫ്രാൻസിൽ നിർമിച്ച ഗ്ലാസ് ഓട് ,പുതിയ രേഖകൾ എന്നിവയൊക്കെ പരിശോധിച്ചു. സബ് രജിസ്ട്രാർ ഓഫിസർ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള ജീവനക്കാർ ഹൃദ്യമായ സ്വീകരണമാണ് ഇവർക്ക് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.