കക്കൂസ് മാലിന്യം വയലിൽ തള്ളാൻ ശ്രമം; നാട്ടുകാർ പിടികൂടി
text_fieldsഅഞ്ചരക്കണ്ടി: വയലിൽ തള്ളാൻ കക്കൂസ് മാലിന്യവുമായി വന്ന വാഹനം നാട്ടുകാർ പിടികൂടി. ഞായറാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം. ഓടക്കാട് മക്രേരി റോഡിന് സമീപത്തെ വയലിലേക്ക് കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനത്തെയാണ് നാട്ടുകാർ പിടിച്ചത്. ടാങ്കർ ലോറിക്ക് എസ്കോർട്ടായി വന്ന രണ്ടു കാറുകളും ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടു. ഇവിടങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു. ഇതേതുടർന്ന് നാട്ടുകാർ കുറെ ദിവസങ്ങളായി ഉറക്കമൊഴിച്ച് നിരീക്ഷണത്തിലായിരുന്നു.
ഞായറാഴ്ചയും നാട്ടുകാർ വയലിനോട് ചേർന്ന സ്ഥലങ്ങളിൽ നിരീക്ഷണത്തിനിരുന്നു. പുലർച്ച മാലിന്യം തള്ളാൻ ടാങ്കർ ലോറിയുമായി എത്തിയപ്പോൾ തടയുകയും ഡ്രൈവറെയും ക്ലീനറെയും പിടികൂടുകയുമായിരുന്നു. എന്നാൽ, ഇരുവരും കുതറിമാറി രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പിണറായി പൊലീസ് സ്ഥലത്തെത്തി.
വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗീത, സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ പി.കെ. സുനീഷ് എന്നിവരും സംഭവസ്ഥലത്തെത്തി. മട്ടന്നൂർ സ്വദേശിയുടെതാണ് ടാങ്കർ ലോറിയെന്ന് നാട്ടുകാർ പറഞ്ഞു. ലോറി ഡ്രൈവർ അഞ്ചരക്കണ്ടി കാമേത്ത് സ്വദേശിയാണെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
ക്ഷുഭിതരായ നാട്ടുകാർ ടാങ്കർ ലോറിയുടെ മുൻഭാഗം തകർത്തു. ടാങ്കർ ലോറിയുടെ അടിഭാഗത്തായി പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെയാണ് മാലിന്യം വയലിലേക്ക് തള്ളുന്നത്. മുമ്പും നിരവധി തവണ മാലിന്യം വയലിൽ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.