ജലപരിശോധന ഇനി വിദ്യാലയങ്ങളിലെ ലാബ് വഴിയും
text_fieldsഅഞ്ചരക്കണ്ടി: മുഴുവൻ പ്രദേശങ്ങളിലെയും കുടിവെള്ള ശുദ്ധത ഉറപ്പുവരുത്താൻ ജലപരിശോധന ലാബുകൾ വഴി സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ ലാബുകളിൽ ഹരിത കേരളം മിഷൻ ഒരുക്കിയ ജലപരിശോധനയുടെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സമൂഹത്തിലെ പല രോഗങ്ങൾക്കും കാരണം കുടിവെള്ളം മലിനമാവുന്നതാണ്. ഇത് പരിഹരിക്കാൻ ഇത്തരം ലാബുകളിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പരിശീലന മാന്വൽ പ്രകാശനം ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.
സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും ഒരു ഹയർ സെക്കഡറി സ്കൂളിൽ ജലഗുണത പരിശോധന സംവിധാനം ഘട്ടം ഘട്ടമായി ഉണ്ടാകും. ധർമടം നിയോജക മണ്ഡലത്തിലെ പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വേങ്ങാട് ഇ.കെ. നായനാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ, മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പാലയാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ, പിണറായി എ.കെ.ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ലാബുകൾ പ്രവർത്തന സജ്ജമാക്കിയത്.
ഒരു ലാബിന് രണ്ടുലക്ഷം രൂപയാണ് ചെലവ്. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.പി. ജയ ബാലൻ, പൊതുവിദ്യാഭ്യാസ വകുപ്പ് ജനറൽ ഡയറക്ടർ കെ. ജീവൻ, കെ.ഐ.ഐ.ഡി.സി മാനേജിങ് ഡയറക്ടർ എൻ. പ്രശാന്ത് എന്നിവർ സംസാരിച്ചു. ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ സ്വാഗതവും അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി. സീത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.