ഹൗസ്ബോട്ട് സവാരിക്കിനി ഈ കരിങ്കൽ ക്വാറിയിലെത്താം
text_fieldsഅഞ്ചരക്കണ്ടി: ആലപ്പുഴയിലും കുട്ടനാട്ടിലും പോവേണ്ട, ഹൗസ് ബോട്ടിലൂടെ യാത്ര ആഗ്രഹിക്കുന്ന കണ്ണൂരുകാർക്ക് വേങ്ങാട് കാവുംപള്ളയിലെ കരിങ്കൽ ക്വാറിയിലെത്തിയാൽ മതി. വേങ്ങാട് ഗംഗോത്രിയിൽ ജയരാജൻ കൂർമയാണ് 'ജലകന്യക' എന്ന പേരിൽ ക്വാറിയിൽ ഒഴുകുന്ന വീട് ഒരുക്കിയത്. പൂർണമായും പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തിലുള്ള വീട് ആരെയും ആകർഷിക്കും.
2019 മുതൽ ജയരാജൻ കൂർമ ക്വാറിയിൽ ശുദ്ധജല കൂടുമത്സ്യകൃഷി ചെയ്യുന്നുണ്ട്. അങ്ങനെയാണ് ടൂറിസം സാധ്യത ഉപയോഗപ്പെടുത്താൻ പറ്റാവുന്ന രീതിയിൽ ഒഴുകുന്ന വീടെന്ന ആശയം ഉദിച്ചത്. മത്സ്യകൃഷിയുടെ ഭാഗമായുള്ള കൂടിൽ ബാരലുകൾ ഘടിപ്പിച്ചാണ് ഒഴുകിനടക്കുന്ന വീട് ഒരുക്കിയത്.12 ബാരലുകളാണ് ഘടിപ്പിച്ചത്. സുഹൃത്തുക്കളുടെ സഹായത്തോടെ ഒരുക്കിയ വീടിന് ഒന്നര ലക്ഷത്തോളം രൂപ ചെലവായി. ആവശ്യക്കാർക്ക് ഇവിടെ വന്ന് മീൻപിടിച്ച് പാകം ചെയ്ത് കഴിക്കാനും പ്രകൃതിസൗന്ദര്യം ആസ്വദിച്ച് കുറച്ച് സമയം ചെലവഴിക്കാനുമുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഒഴുകിനടക്കുന്ന വീടുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജയരാജൻ പറഞ്ഞു.
ടൂറിസം വകുപ്പിെൻറ അനുമതി ലഭിക്കുകയാണെങ്കിൽ ഇത്തരത്തിൽ കൂടുതൽ വീടുകൾ നിർമിക്കാനും പദ്ധതിയുണ്ട്. അഞ്ചു കൂടുകളിലായി തിലോപ്പിയ മത്സ്യമാണ് കൃഷി ചെയ്യുന്നത്. 3000 മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് സൗജന്യമായാണ് ജയരാജന് നൽകിയത്. ഒട്ടനവധി പേരാണ് ജയരാജെൻറ മത്സ്യകൃഷിയിടത്തിൽ ദിനേന മത്സ്യം വാങ്ങുന്നതിനും മറ്റുമായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.