ജന്തുരോഗ നിയന്ത്രണ പദ്ധതി;കുളമ്പു രോഗ നിയന്ത്രണ, ചർമമുഴരോഗ പ്രതിരോധ കുത്തിവെപ്പ് അഞ്ചിന് തുടങ്ങും
text_fieldsകണ്ണൂർ: ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗ നിയന്ത്രണപദ്ധതിയുടെ അഞ്ചാം ഘട്ടവും ചർമ്മമുഴരോഗ പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാംഘട്ടവും തിങ്കളാഴ്ച തുടങ്ങുമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ.വി. പ്രശാന്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. രോഗ നിയന്ത്രണ പദ്ധതി മുഖാന്തരം 2025നുള്ളിൽ കുളമ്പ് രോഗം നിയന്ത്രിക്കുന്നതിനും അതുവഴി 2030ന് മുമ്പ് ഇന്ത്യയിൽ നിന്നും കുളമ്പു രോഗം മുക്തമാക്കുന്നതിനുമാണ് ലക്ഷ്യം വെക്കുന്നത്. പാൽ, മാംസം എന്നിവയുടെ ഉൽപാദനത്തിൽ സ്വയം പര്യാപ്ത കൈവരിക്കുക, കയറ്റുമതി ശക്തമാക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
തിങ്കളാഴ്ച തുടങ്ങുന്ന പദ്ധതി സെപ്റ്റംബർ 13വരെ തുടരും. ഈ ദിവസങ്ങളിൽ വാക്സിനേറ്റർമാർ വീടുകളിൽ എത്തി കുത്തിവെപ്പ് നടത്തും. കുത്തിവെപ്പ് സൗജന്യമാണ്. നാല് മാസത്തിനു മുകളിൽ പ്രായമുള്ള കന്നുകാലികൾക്ക് കുത്തിവെപ്പ് നൽകും. കണ്ണൂർജില്ലയിലെ 82,050 പശുക്കളെയും എരുമകളെയുമാണ് കുത്തിവെക്കുക. കുത്തിവെച്ചാൽ പനി തുടങ്ങിയ പാർശ്വഫലങ്ങൾ ഇല്ല. കുളമ്പ് രോഗ നിയന്ത്രണ പദ്ധതിയും പ്രതിരോധ കുത്തിവെപ്പും സംസ്ഥാനത്ത് നിയമപ്രകാരമായിട്ടുണ്ട്. ലൈസൻസുകൾ, വിവിധ സർക്കാർ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിന് കുത്തിവെപ്പ് നിർബന്ധമാണ്. ഈ അവസരം കർഷകർ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. കുത്തിവെക്കാൻ അനുവദിക്കാത്ത കർഷകരുടെ വിവരങ്ങൾ മൃഗസംരക്ഷണ വക ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യും. ജില്ല കലക്ടറാണ് ഈ പദ്ധതിയുടെ ജില്ലതല മോണിറ്ററിങ് യൂനിറ്റിന്റെ ചെയർമാൻ.
പദ്ധതിയുടെ കണ്ണൂർ ജില്ലതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ജില്ല വെറ്ററിനറി കേന്ദ്രത്തിൽ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ജില്ലവെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ബിജോയ് വർഗീസ്, എ.ഡി.സി.പി ജില്ല കോഓഡിനേറ്റർ ഡോ. കെ.എസ്. ജയശ്രീ എന്നിവരും സംബന്ധിച്ചു.
കാലവർഷം മൃഗ മേഖലയിൽ നാശം വിതച്ചു
കണ്ണൂർ: കനത്ത മഴയിൽ മൃസംരക്ഷണ മേഖലയിലൂം നാശം വിതച്ചു. ഒമ്പത് പോത്ത് കുട്ടികൾ, മൂന്നു പശുക്കൾ, മൂന്നു കിടാരികൾ, 100 മുട്ടക്കോഴികൾ, ഒരു മൂന്നു മാസം പ്രായമുള്ള മൂരിക്കുട്ടി എന്നിവക്കാണ് ഈ കാലവർഷക്കെടുതിയിൽ ജീവൻ പൊലിഞ്ഞത്. കൂടാതെ അഞ്ച് കാലിത്തൊഴുത്തും ഒരു കോഴിക്കൂടും തകർന്നതായും ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ.വി. പ്രശാന്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.