രാസവസ്തു ചേർക്കാത്ത മീനുമായി ‘അന്തിപ്പച്ച’
text_fieldsകണ്ണൂർ: രാസവസ്തുക്കൾ ചേർക്കാത്ത ഫ്രഷ് മത്സ്യം ഇനി ആവശ്യാനുസരണം വീട്ടുമുറ്റത്തെത്തും. ഫിഷറീസ് വകുപ്പ് തയാറാക്കിയ ‘അന്തിപ്പച്ച’ മൊബൈല്‍ ഫിഷ് മാര്‍ട്ട് അഴീക്കോട് മണ്ഡലത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കെ.വി. സുമേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍നിന്ന് അതത് ദിവസത്തെ മത്സ്യം വൃത്തിയോടെ സംഭരിച്ചാണ് വിൽപന. വാഹനത്തില്‍ മത്സ്യം കേടാകാതിരിക്കാന്‍ ശീതീകരണ സംവിധാനം ഉണ്ടാകും. മുഴുവനായ മത്സ്യം, പാചകത്തിന് തയാറാക്കിയ റെഡി ടു കുക്ക് മത്സ്യം, മറ്റ് മത്സ്യ ഉത്പന്നങ്ങള്‍ എന്നിവ ന്യായവിലക്ക് ലഭിക്കും. ചാള, അയല, നെത്തോലി, നെയ്മീന്, ചൂര, വാള, ആവോലി, ഞണ്ട്, കക്ക, കൊഞ്ച് എന്നിവയാണ് ലഭ്യതക്കനുസരിച്ച് വീടുകളിലെത്തുക.
ആരോഗ്യത്തിന് ഹാനികരമാകുന്ന അമോണിയ, ഫോര്‍മാലിന്‍, മറ്റു രാസവസ്തുക്കള്‍ എന്നിവ ചേര്‍ക്കാത്ത ഗുണനിലവാരമുള്ള പച്ചമത്സ്യങ്ങൾക്കൊപ്പം ഉണക്കമത്സ്യവും മൂല്യവര്‍ധിത ഉൽപന്നങ്ങളും ഉണ്ടാവും. ഇതിനുപുറമെ ഉപഭോക്താക്കളുടെ ആവശ്യാനുസരണം കഴുകി വൃത്തിയാക്കി മുറിച്ചും നല്‍കും. ഓണ്‍ലൈനായോ നേരിട്ടോ പണം നല്‍കാം. അടുത്ത ഘട്ടത്തില്‍ ഓണ്‍ലൈനായി മീന്‍ ഓര്‍ഡര്‍ ചെയ്യാനാകും.
പള്ളിക്കുന്ന് ഇടച്ചേരിയില് നടന്ന ചടങ്ങില്‍ ഫെഡറേഷന് ഓഫ് റസിഡന്റ്സ് അസോസിയേഷന് ജില്ല പ്രസിഡന്റ് ആര്. അനില്‍കുമാര്‍ ആദ്യ വില്പന ഏറ്റുവാങ്ങി. കൗണ്‍സിലര്‍ ടി. രവീന്ദ്രന്, ഇടച്ചേരി റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജോര്‍ജ് തയ്യില്‍, മത്സ്യഫെഡ് മാനേജര്‍ വി. രജിത, മത്സ്യഫെഡ് പ്രോണ്‍ഹാച്ചറി മാനേജര്‍ കെ.എച്ച്. ഷെരീഫ്, അസോസിയേഷന് വൈസ് പ്രസിഡന്റ് ഹനീഷ് കെ. വാണിയങ്കണ്ടി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.