അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് കഴിവുകൂടി പരിഗണിക്കണം–വി. ശിവൻകുട്ടി
text_fieldsകണ്ണൂർ: അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് സീനിയോറിറ്റിക്കൊപ്പം അക്കാദമിക് കഴിവുകൂടി പരിഗണിക്കപ്പെടണമെന്ന് മന്ത്രി വി. ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ യോഗം വിളിച്ചാൽ അധ്യാപകരുടെ പ്രശ്‌നങ്ങൾ മാത്രമാണ് അവതരിപ്പിക്കുന്നത്. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ, കുട്ടികളുടെ ആവശ്യങ്ങൾ കൂടി ഉന്നയിക്കാൻ സംഘടനകൾ തയാറാവണം.
കണ്ണൂരിൽ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവിൽ 45 അധ്യാപക സംഘടനകളുണ്ട്. യോഗം വിളിക്കാൻ ഓഡിറ്റോറിയം തന്നെ വേണ്ട സ്ഥിതിയാണ്. എല്ലാവരുടെയും പ്രശ്‌നങ്ങൾ കേൾക്കാൻ രാവിലെ മുതൽ വൈകീട്ടുവരെ ഇരിക്കണം. ഈ സാഹചര്യത്തിൽ അധ്യാപക സംഘടനകളുടെ എണ്ണം കുറക്കുന്നതിനെപ്പറ്റി അവർതന്നെ കൂട്ടായി ആലോചിക്കണം.
അധ്യാപക സംഘടനകൾ കഴിഞ്ഞ ഒരു വർഷമായി ഉന്നയിച്ചിട്ട് നടക്കാത്ത കാര്യങ്ങൾ പരിശോധിക്കാൻ വകുപ്പ് ഉപസമിതിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ സുഗമമാക്കേണ്ടതുണ്ട്.
ഒരു സ്‌കൂളിൽ രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമ്പോഴുള്ള പ്രതിസന്ധികൾ നാം പലപ്പോഴും അനുഭവിച്ചറിയുന്നുണ്ട്. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നീ മാതൃകയിൽ അധികാര ക്രമീകരണം വേണം. അധ്യാപകർക്ക് റസിഡൻഷ്യൽ പരിശീലനം ആവശ്യമാണെന്നും വിജ്ഞാനം വിരൽത്തുമ്പിൽ ലഭിക്കുന്ന ഇക്കാലത്ത് അധ്യാപക പരിശീലനം ആറുമാസത്തിൽ ഒരിക്കലാകണമെന്നും മന്ത്രി പറഞ്ഞു.
താൽപര്യമുള്ള അധ്യാപകരെ ഉൾപ്പെടുത്തി പെൻഷനായ അധ്യാപകരുടെ ബാങ്ക് ഉണ്ടാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്‌കരിക്കുകയാണ്. ലിംഗ സമത്വം, ലിംഗ നീതി, ലിംഗാവബോധം എന്നിവ മുൻനിർത്തി പാഠപുസ്തകങ്ങൾ ഓഡിറ്റ് ചെയ്യപ്പെടും. ജനാധിപത്യ, മതേതര, ഭരണഘടന മൂല്യങ്ങൾ ഉൾച്ചേർക്കപ്പെടും. ശാസ്ത്രീയ ചിന്തയെ പ്രോത്സാഹിപ്പിക്കും. ആധുനിക കാലഘട്ടത്തിനനുസരിച്ചുള്ള പഠന വിഷയങ്ങൾ ആയിരിക്കും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ പി.ടി.എ, വിദ്യാരംഗം കലാസാഹിത്യവേദി പുരസ്‌കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. മികച്ച പി.ടി.എക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്മാരക അവാർഡ് പ്രൈമറി തലത്തിൽ ഗവ. യു.പി സ്‌കൂൾ അക്കരപ്പാടം കോട്ടയം, സെക്കൻഡറി തലത്തിൽ ആദിത്യ വിലാസം ഗവ. ഹൈസ്‌കൂൾ, തഴവ, കൊല്ലം എന്നിവർ മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.
അഞ്ചുലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. അഞ്ചുവരെ സ്ഥാനങ്ങളിലുള്ളവർക്കുള്ള പുരസ്‌കാരവും സമ്മാന തുകയും നൽകി.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ മുഖ്യാതിഥിയായി. പി. സന്തോഷ്‌കുമാർ എം.പി. വിശിഷ്ടാതിഥിയായി. കെ.വി. സുമേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കെ.കെ. രത്‌നകുമാരി, കെ. ജീവൻബാബു, ഡോ. ആർ.കെ. ജയപ്രകാശ്, സി.എ. സന്തോഷ്, വി.എ. ശശീന്ദ്രവ്യാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.