ആറളം ഫാം: കാർഷിക സർവകലാശാല പദ്ധതിക്ക് അംഗീകാരം
text_fieldsകേളകം: ആറളം ഫാമിെൻറ വരുമാന വർധനവും സമഗ്ര വികസനവും ലക്ഷ്യമാക്കി കാർഷിക സർവകലാശാല ഗവേഷക സംഘം സമർപ്പിച്ച 10 കോടിയുടെ വികസന പദ്ധതികൾക്ക് സർക്കാർ അംഗീകാരം നൽകി. വൈവിധ്യവത്കരണമാണ് ലക്ഷ്യം.മൂന്നു ഘട്ടമായി നടപ്പാക്കുന്ന പദ്ധതികളിൽ ആദ്യ ഘട്ടത്തിൽ നടപ്പാക്കേണ്ട പ്രവ്യത്തികൾക്കായി മൂന്നു കോടി രൂപയും അനുവദിച്ചു.
ഫാം നവീകരണത്തെ സംബന്ധിച്ച് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. കാർഷിക സർവകലാശാലയിൽ നിന്നുള്ള പഠനഗവേഷക സംഘവും സംസ്ഥാനത്തെ കാർഷിക വിദഗ്ധരും ഉൾപ്പെട്ട സംഘമാണ് പദ്ധതിരേഖ തയാറാക്കിയത്.
കാർഷിക മേഖലയിലെ പ്രതിസന്ധി മൂലം നിലനിൽപ് അപകടത്തിലായ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുന്നതിനാണ് കാലഘട്ടത്തിന് അനുസരിച്ച പദ്ധതികളും പ്രവർത്തനങ്ങളും ഉണ്ടാക്കുന്നതിന് സർക്കാർ വിദഗ്ധ സംഘത്തോട് ആവശ്യപ്പെട്ടത്. സർക്കാർ നൽകുന്ന പണം കൊണ്ടാണ് കുറച്ച് കാലങ്ങളായി ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പളകുടിശ്ശികയും മറ്റു െചലവുകളും നടത്തുന്നത്.
ഈ രീതിയിൽ നിന്ന് ഫാമിനെ കരകയറ്റാനാണ് മുഖ്യമന്ത്രിയുടെ ചേംബറിൽ യോഗം ചേർന്ന് വൈവിധ്യവത്കരണ വഴി വരുമാനം വർധിപ്പിക്കാനും സ്വന്തം കാലിൽ നിൽക്കാൻ ആറളം ഫാമിനെ അഭിവൃദ്ധിപ്പെടുത്താനും തീരുമാനിച്ചത്. ഹ്രസ്വ, മധ്യ, ദീർഘകാല പദ്ധതികളാണ് സംഘം സമർപ്പിച്ചത്.
ഫാമിലെ 3500ലധികം ഏക്കറിൽ കൃഷി, മൂല്യവർധിത ഉൽപന്ന നിർമാണം, വിപണനം, ഫാം ടൂറിസം, വൻകിട വിത്ത് തൈ വിൽപന നഴ്സറി, നഴ്സറിക്കാവശ്യമായ മാതൃവൃക്ഷത്തോട്ടം എന്നീ പദ്ധതികളാണ് നടപ്പാക്കുക. കൃഷിചെയ്യാതെ കാടുകയറുന്ന ഫാമിെൻറ മുഴുവൻ സ്ഥലങ്ങളും ആധുനിക കൃഷിക്ക് ഉപയോഗപ്പെടുത്താനും പദ്ധതിയിൽ നിർദേശമുണ്ട്.
ഇതിെൻറ ആദ്യപടിയായി ഇരിട്ടിൽ ഫാം ഉൽപന്നങ്ങളും പച്ചക്കറികളും വിൽക്കാൻ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിൽ തണൽ എന്ന പേരിൽ വിപണന കേന്ദ്രം തുടങ്ങി.ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിലെ കുടുംബങ്ങളുടെ ജൈവ കൃഷിയുൽപന്നങ്ങൾ ശേഖരിച്ച് വിൽക്കാനും ഇവിടെ സൗകര്യം ഉണ്ട്.
കാർഷിക മേഖലയിൽ നവീന യന്ത്രവത്കരണ പദ്ധതി, ഫാമിലെ ജലസമ്പത്ത് ഉപയോഗിച്ച് വ്യവസായ അടിസ്ഥാനത്തിൽ മത്സ്യകൃഷി, വിദേശികൾക്ക് അടക്കം ഫാമിൽ താമസിച്ച് ഹ്രസ്വ, മധ്യകാല കൃഷികൾ സ്വയം ചെയ്ത് വിളവെടുക്കാനുള്ള വിനോദ സഞ്ചാരാധിഷ്ഠിത കാർഷിക പ്രവർത്തനം എന്നിവയും വൈവിധ്യവത്കരണ ഭാഗമായി നടപ്പാക്കും. ബോട്ട് സർവിസാരംഭിക്കാനും നിർദേശമുണ്ട്.
രണ്ടരക്കോടിയാണ് ഫാം ടൂറിസം പദ്ധതി നടത്തിപ്പിന് ലക്ഷ്യമിടുന്നത്. വിപുലമായ മഴവെള്ള സംഭരണി ആറളം ഫാമിൽ ക്രമീകരിക്കാനും നിർദേശമുണ്ട്.സംസ്ഥാനത്തേതടക്കം ദക്ഷിണേന്ത്യയിൽനിന്ന് മേത്തരം വിത്ത് തേങ്ങ എത്തിച്ച് ലക്ഷക്കണക്കിന് തെങ്ങിൻ തൈകൾ വിൽക്കാനും വിത്തുതേങ്ങ വിൽപനക്കുമുള്ള പ്രമുഖ കേന്ദ്രമാക്കി ഫാമിനെ അഭിവൃദ്ധിപ്പെടുത്താനും പദ്ധതിക്കും മാർഗരേഖയായി.
വിത്ത് തൈ നഴ്സറി ഈ വർഷം മുതൽ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർത്തും. വൻ സാമ്പത്തിക ബാധ്യതയില്ലാത്ത ജലസേചന പദ്ധതികളും ഫാമിൽ നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.