ആറളം പുനരധിവാസ മേഖല; താമസക്കാരെത്താത്ത ഭൂമി തിരിച്ചുപിടിക്കും
text_fieldsആറളം: ആറളം ആദിവാസി പുനരധിവാസ മേഖലയിൽ പതിച്ചുനൽകിയതിൽ താമസിക്കാത്തവരുടെ ഭൂമി ഏറ്റെടുക്കാൻ നടപടി. ആറളം ഫാമിന്റെ വിവിധ ബ്ലോക്കുകളിലായി നാലു ഘട്ടങ്ങളിൽ വിവിധ ജില്ലകളിലുള്ള 3500 ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ ഒരേക്കർ ഭൂമി വീതമാണ് പതിച്ചുനൽകിയത്.
എന്നാൽ, ഭൂമി ഏറ്റെടുത്ത് താമസമാക്കിയത് 2000 പേർ മാത്രമാണെന്നാണ് ട്രൈബൽ മിഷൻ രേഖകൾ. അവശേഷിച്ച 1500 കുടുംബങ്ങൾ ഭൂമി ഏറ്റെടുത്ത് താമസിക്കാത്തതാണ് ആറളം ഫാം കാടുകയറി കാട്ടാനകൾ ഉൾപ്പെടെ വന്യജീവികൾ താവളമാക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ഫാമിൽ ബ്ലോക്ക് ഏഴിലും 10ലുമായി മറ്റു ജില്ലകളിൽനിന്നുള്ള 400 കുടുംബങ്ങൾക്ക് ഭൂമി നൽകിയെങ്കിലും ഭൂമി ഏറ്റെടുത്തിട്ടില്ല. ഭൂമി ലഭിച്ച കുടുംബങ്ങൾ ഫാമിലെത്തി താമസിക്കണമെന്ന് ട്രൈബൽ റവന്യൂ വകുപ്പുകൾ പലതവണ അറിയിച്ചിരുന്നു. എങ്കിലും അറിയിപ്പ് പുനരധിവാസകുടുംബങ്ങൾ ഗൗനിക്കാത്തത് അധികൃതരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഫാമിൽ ഭൂമി ഏറ്റെടുക്കാത്തവരുടെ ഭൂമി തിരിച്ചുപിടിക്കാനും നടപടിയായതായി ട്രൈബൽ റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.
കാട്ടാനകളുടെയും മറ്റു കാട്ടുമൃഗങ്ങളുടെയും ശല്യം രൂക്ഷമായതിനെ തുടർന്ന് നൂറുകണക്കിന് പുനരധിവാസ കുടുംബങ്ങൾ പലായനം ചെയ്തതും ആറളം ഫാമിൽ കൃഷിയിടങ്ങൾ വനമാതൃകയിലാകാൻ കാരണമായി. ആറളത്തെ വന്യജീവിശല്യം ശാശ്വതമായി പരിഹരിച്ചാൽ മാത്രമേ മടങ്ങിയെത്തൂ എന്ന നിലപാടിലാണ് കുടുംബങ്ങൾ.
കാട്ടിലുള്ളതിലേറെ, വന്യജീവികൾ ആറളം ആദിവാസി പുനരധിവാസ മേഖലയിൽ ഉണ്ടെന്നതാണ് നിലവിലെ അവസ്ഥ.
എന്നാൽ, സർക്കാർ പുനരധിവസിപ്പിച്ച ആറളത്തെ ആദിവാസികൾക്കിന്ന് മേഖലയിലെ കാട്ടാനശല്യംമൂലം ജീവിതം നരകതുല്യമാണ്. എട്ടു വര്‍ഷത്തിനിടെ 10 ജീവനാണ് കാട്ടാനയാക്രമണത്തില്‍ പൊലിഞ്ഞത്. പ്രദേശത്തെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാതെയായിരുന്നു പുനരധിവാസം.
കാട്ടാനകൾ നിരവധി ജീവനുകൾ ചവിട്ടിയരക്കുമ്പോഴും പ്രതിഷേധം ഫാമിനുള്ളില്‍ മാത്രം ഒതുങ്ങുകയായിരുന്നു.
കാട്ടാന ആക്രമണം ഉണ്ടാവുമ്പോള്‍ വനപാലകര്‍ യഥാസമയം എത്തുന്നില്ലെന്ന ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇതോടെയാണ് മറ്റു കുടുംബങ്ങൾ ഇവർക്ക് പതിച്ചുകിട്ടിയ ഭൂമിയിൽ താമസിക്കാനെത്താത്തത്.
നിലവിൽ ആറളത്തെ പുനരധിവാസ കുടുംബങ്ങളിലുള്ളവർ കാട്ടാന ആക്രമണത്താൽ പുറത്തിറങ്ങാൻ ഭയക്കുകയാണ്.
കുട്ടികൾ മിക്ക ദിവസങ്ങളിലും സ്കൂളിൽ പോകാറില്ല. വീടിനുള്ളിൽ അടച്ചിരിപ്പാണ് പ്രായമായവരും. ആദിവാസി മേഖലയായതിനാൽ തങ്ങളെ അധികൃതർ അവഗണിക്കുകയാണെന്ന് ഇവർ പരാതിപ്പെടുന്നു. പലരും ജീവൻ ഭയന്ന് ഫാമിൽനിന്ന് പലായനം ചെയ്തുതുടങ്ങി.
ആറളം കാർഷിക ഫാമിലെ ഭൂമിയും കാടുമൂടിയ നിലയിലാണ്. ഫാമിനോട് അതിർത്തി പങ്കിടുന്ന കൊട്ടിയൂർ, ആറളം വനാതിർത്തികളിൽ പൂർണമായി സംരക്ഷണ മതിൽ സ്ഥാപിക്കാത്തതാണ് കാട്ടുമൃഗങ്ങളുടെ ആറളം ഫാമിലെ വിഹാരത്തിന് കാരണം.
വനമാതൃകയിൽ കാടുനിറഞ്ഞ ആറളം ഫാമിൽനിന്ന് കാട്ടാനകൾ നിന്നാൽപോലും തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. ആനമതിൽ നിർമാണത്തിനുള്ള നടപടികൾ ചുവപ്പുനാടകളിൽ കെട്ടഴിയാതെ ബാക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.