കുട്ടികൾ മൊബൈലിന് അടിമകളാണോ?...വരുന്നു പൊലീസിന്റെ ‘ഡി -ഡാഡ്’
text_fieldsകണ്ണൂർ: പൊലീസിന്റെ ഡി -ഡാഡ് (ഡിജിറ്റൽ ഡി അഡിക്ഷൻ) പ്രവർത്തനം കണ്ണൂരിലും തുടങ്ങുന്നു. മൊബൈൽ ഓൺലൈൻ ഗെയിമുകളുടെയും ഇന്റർനെറ്റ് അശ്ലീല സൈറ്റുകളുടെയും അടിമകളായ കുട്ടികൾക്ക് കൗൺസലിങ് സഹായം നൽകുകയാണ് കേരള പൊലീസിന്റെ സംവിധാനമായ ഡി -ഡാഡിലൂടെ ചെയ്യുന്നത്.
കണ്ണൂർ ടൗൺ സ്റ്റേഷന് സമീപത്തുള്ള വനിത സെല്ലിനോടനുബന്ധിച്ചാണ് കണ്ണൂരിലെ ഡി -ഡാഡ് കേന്ദ്രം പ്രവർത്തിക്കുക. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഇതു നടപ്പാക്കിയത്. കണ്ണൂരിലെ പ്രവർത്തനം ഫെബ്രുവരി അവസാനത്തോടെ തുടങ്ങുമെന്ന് കേന്ദ്രത്തിന്റെ ചുമതലയുള്ള സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. സുനോജ് കുമാർ പറഞ്ഞു.
കുട്ടികൾ മൊബൈൽ അടിമകളാകുന്നത് ദിനംപ്രതി കൂടുകയാണ്. കൂടാതെ ഓൺലൈൻ ഗെയിമുകളിലൂടെ പണം നഷ്ടപ്പെട്ടുള്ള പരാതികളും ഇപ്പോൾ നിരവധിയാണ്. ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ഇനിഷ്യേറ്റീവ് ഓഫ് സോഷ്യൽ പൊലീസിങ് ഡിവിഷൻ ഓഫ് കേരളയുടെ കീഴിലാണ് ഡി -ഡാഡ് പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് തുടക്കമിട്ടത്.
കണ്ണൂരിൽ ചിൽഡ്രൻ ആൻഡ് പൊലീസ് (കാപ്) പദ്ധതിയുടെ കീഴിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ. ആദ്യം ഓൺലൈനിലൂടെ കുട്ടികൾക്കും ആവശ്യമെങ്കിൽ രക്ഷിതാക്കൾക്കും പിന്നീട് കേന്ദ്രത്തിലെത്തിച്ച് നേരിട്ടും ബോധവത്കരണം നൽകും. ഇതിനായി ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും.
ഇതിനുപുറമെ സോഷ്യൽ വർക്കിൽ അനുഭവ പരിചയമുള്ള ഒരു കോഓഡിനേറ്ററെ കൂടി നിയമിച്ചതായി സുനോജ് കുമാർ പറഞ്ഞു. അഡീഷനൽ എസ്.പി എ.വി. പ്രദീപനാണ് ജില്ലയിൽ പദ്ധതിയുടെ ചുമതല. ആദ്യഘട്ടത്തിൽ ഓൺലൈനായും കൂടുതൽ കൗൺസലിങ് വേണ്ട കുട്ടികൾക്ക് ജില്ല കേന്ദ്രങ്ങളിലെത്തിച്ച് ഓഫ്ലൈനായും സേവനം നൽകും.
പദ്ധതി ആരംഭിക്കാൻ 1.30 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. രണ്ടാംഘട്ടത്തിൽ കൂടുതൽ ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളിലും പദ്ധതി വ്യാപിപ്പിക്കാൻ ഉദ്ദേശ്യമുണ്ട്.
ലോക്ഡൗൺ വന്നതോടെ വിദ്യാർഥികളുടെ പഠനവും പരീക്ഷയുമെല്ലാം ഓൺലൈനിലായിരുന്നു. ഇതോടെ മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവ വിദ്യാർഥികൾക്ക് സുപരിചിതമായി. മിക്കയിടങ്ങളിലും ഓൺലൈൻ ക്ലാസുകൾ അവസാനിച്ചെങ്കിലും കുട്ടികളിലെ ഫോൺ, കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗങ്ങളിൽ കുറവ് വന്നില്ല. ചില മുതിർന്ന കുട്ടികൾ അശ്ലീല സൈറ്റുകൾക്കും അടിമകളായി.
ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ കൗൺസലിങ് എന്ന ആശയത്തിന് പൊലീസ് തുടക്കമിട്ടത്. വിദ്യാഭ്യാസം, ആരോഗ്യം, വനിത-ശിശുവികസന വകുപ്പുകളുമായി യോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കേന്ദ്രത്തിൽ രക്ഷിതാക്കള്‍ക്ക് കുട്ടികളുമായി നേരിട്ടെത്തി പ്രശ്നപരിഹാരം തേടാം. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും അധ്യാപകരുടെയും സഹായത്തോടെ ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തിയും കൗണ്‍സലിങ് നല്‍കാനും ആലോചനയുണ്ട്.
സഹായത്തിന് കോൾസെന്റർ സേവനം
ഡി -ഡാഡ് സേവനത്തിന്റെ സഹായത്തിന് ജില്ല കേന്ദ്രത്തിൽ കോൾ സെന്റർ പ്രവർത്തനം തുടങ്ങും. എന്നാൽ, ഫെബ്രുവരി അവസാനത്തിൽ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം മാത്രമേ ഇതിന്റെ സഹായം ലഭ്യമായി തുടങ്ങൂ. സേവനം ആവശ്യമുള്ളവർ 9497 900 200 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. കൗൺസലിങ് സഹായം ആവശ്യമുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾക്കോ അധ്യാപകർക്കോ നമ്പറിൽ വിളിച്ച് സഹായം തേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.